ഉറുസ് നിരോധിക്കണം; താജ്മഹലിന് മുന്നിൽ പ്രതിഷേധവുമായി ഹിന്ദു മഹാസഭ; ഉറുസ് നടത്തിയാൽ ശിവതാണ്ഡവം സംഘടിപ്പിക്കുമെന്ന് ഭീഷണി
ആഗ്ര: താജ്മഹലിൽ നടക്കാനിരിക്കുന്ന സൂഫി സന്യാസിയുടെ വാർഷിക അനുസ്മരണ ചടങ്ങായ ഉറുസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രതിഷേധം സംഘടിപ്പിച്ചു. ഉറുസ് നടത്തുകയാണെങ്കിൽ താജ്മഹലിനുള്ളിൽ 'ശിവതാണ്ഡവം' സംഘടിപ്പിക്കുമെന്നും സംഘടന ഭീഷണി മുഴക്കി. വ്യാഴാഴ്ച ഉറുസ് ആരംഭിക്കാനിരിക്കെയാണ് താജ്മഹലിന് മുന്നിൽ ഹിന്ദുമഹാസഭയുടെ ശക്തമായ പ്രതിഷേധം അരങ്ങേറിയത്.
ഉറുസ് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിവേദനം നൽകിയിട്ടുണ്ട്. താജ്മഹൽ സമുച്ചയത്തിനുള്ളിൽ ഒരു മതപരമായ പരിപാടികളും അനുവദിക്കില്ലെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് മീര റാത്തോർ പ്രസ്താവിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിലെ നിസ്കാരത്തിന് മാത്രമാണ് നിലവിൽ താജ്മഹലിൽ അനുമതിയുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. താജ്മഹൽ കോംപ്ലക്സിനുള്ളിൽ ഉറുസ് നടത്താൻ അനുമതിയില്ലെന്നും മീര റാത്തോർ ചൂണ്ടിക്കാട്ടി.
ഉറുസ് വിഷയവുമായി ബന്ധപ്പെട്ട ഒരു കേസ് ആഗ്ര ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ താജ്മഹലിന്റെ സുരക്ഷ ജില്ലാ ഭരണകൂടം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. താജ്മഹൽ ഒരു ഹിന്ദുക്ഷേത്രമാണെന്ന് നേരത്തെയും ഹിന്ദുമഹാസഭ അവകാശവാദം ഉന്നയിച്ചിരുന്നു.