'വിവാഹം ലൈംഗിക അടിമത്തമല്ല; ശാരീരിക സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശം'; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി

Update: 2026-01-14 16:45 GMT

അഹമ്മദബാദ്: വിവാഹം എന്നത് ലൈംഗിക ബന്ധത്തിന് മുന്‍കൂട്ടിയുള്ള സമ്മതമല്ലെന്നും ശാരീരിക സ്വാതന്ത്ര്യം എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ഗുജറാത്ത് ഹൈക്കോടതി. അകന്നു കഴിയുന്ന ഭാര്യയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

വിവാഹത്തിനുള്ളിലെ ലൈംഗികത സ്വാഭാവികമാണെങ്കിലും അത് പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയും ആയിരിക്കണം. ആധുനിക നിയമസംവിധാനങ്ങള്‍ വിവാഹബന്ധത്തിനുള്ളിലും വ്യക്തിയുടെ ശാരീരിക സ്വയംഭരണത്തെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പങ്കാളിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികമായി നിര്‍ബന്ധിക്കുന്നത് ശാരീരിക വേദന മാത്രമല്ല, ഗുരുതരമായ മാനസികവും വൈകാരികവുമായ ആഘാതമുണ്ടാക്കും. സഹനപരിധി ലംഘിക്കപ്പെടുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ ഇത്തരം പരാതികളുമായി പൊതുസമൂഹത്തിന് മുന്നില്‍ വരുന്നതെന്നും കോടതി വ്യക്തമാക്കി.

പതിറ്റാണ്ടുകളായി വിവാഹത്തെ ലൈംഗിക ബന്ധത്തിനുള്ള മുന്‍കൂര്‍ അനുമതിയായി കണ്ടിരുന്നു. എന്നാല്‍ ആധുനിക നിയമങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. 2022ല്‍ വിവാഹിതയായ യുവതി, തന്റെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിക്കുകയും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുകയും ചെയ്തു എന്ന് കാണിച്ച് 2025 ഒക്ടോബറിലാണ് പരാതി നല്‍കിയത്. പ്രതിയുടെ രണ്ടാം ഭാര്യയായിരുന്നു പരാതിക്കാരി. പ്രതിയുടെ ആദ്യ ഭാര്യയും ഇത്തരത്തില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു എന്നത് കോടതി പ്രത്യേകം ശ്രദ്ധിച്ചു. ഇത് പ്രതിയുടെ സ്വഭാവദൂഷ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഇതൊരു സാധാരണ കുടുംബവഴക്കല്ലെന്നും അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.

ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിലുള്ള വിരോധം കാരണമാണ് ഭാര്യ വൈകി പരാതി നല്‍കിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. വിവാഹത്തിനുള്ളിലെ പീഡനം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാമൂഹികമായ മടിയും ട്രോമയുമാണ് പരാതി വൈകാന്‍ കാരണമെന്ന വാദിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Similar News