സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം തോളിലേറ്റി ഗ്രാമത്തിലൂടെ നടന്ന് 19കാരന്‍: യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 19കാരന് ജീവപര്യന്തം

Update: 2026-02-11 02:01 GMT

ബല്‍റാംപുര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 15കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലേറ്റി ഗ്രാമത്തിലൂടെ നടന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി. ജീവപര്യന്തത്തിന് പുറമെ പ്രതിക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ 19കാരനായ ധരംപാല്‍ ചൗഹാനെയാണ് ജില്ലാ ജഡ്ജി ഉത്കര്‍ഷ് ചതുര്‍വേദി ശിക്ഷിച്ചത്.

2024 ഡിസംബര്‍ 14-നായിരുന്നു കൊടുംക്രൂര കൊലപാതകം. പെണ്‍കുട്ടിയോട് ഇയാള്‍ക്ക് പ്രണയമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. ഇതിന്റെ പ്രതികാരമാണ് കൊലപാതകം. സംഭവ ദിവസം സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ധരംപാല്‍ ബലമായി പിടിച്ചിറക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച മൃതദേഹം തോളിലേറ്റി ഇയാള്‍ ഗ്രാമത്തിലൂടെ നടന്നു. സ്‌കൂളിലേക്ക് പോവുകയായിരുന്ന മറ്റ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഭയാനകമായ കാഴ്ചയ്ക്ക് സാക്ഷികളായി.

പെണ്‍കുട്ടിയോടുള്ള ഏകപക്ഷീയമായ പ്രണയവും അത് നിരസിക്കപ്പെട്ടതിലുള്ള പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിചാരണ വേളയില്‍ ഒന്‍പത് സാക്ഷികളെ കോടതി വിസ്തരിച്ചു. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

Tags:    

Similar News