മുന്നിൽ കണ്ടപാടെ വടി കൊണ്ട് അടിച്ചുനുറുക്കി; താഴെ വീണുപോയതും മുടിയോടെ പിടിച്ചുവലിച്ച് ചവിട്ടി; ദേഷ്യം തീരുന്നതുവരെ മുതുകത്ത് ഇടിച്ചു; ഒരു സ്ത്രീയെ അതിക്രൂരമായി മർദിച്ച് യുവാവ്
സിദ്ധി: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ഒരു സ്ത്രീയെ വടി കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. ഈ ആക്രമണത്തിന് പിന്നിൽ ഒരു ബിജെപി നേതാവാണെന്ന് കോൺഗ്രസ് ആരോപിക്കുകയും സംസ്ഥാനത്തെ സ്ത്രീ സുരക്ഷ തകർന്നതിൽ മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ ഏകദേശം 10:30 ഓടെ ഭൻവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൻവാർ ഗ്രാമത്തിലെ ഒരു പച്ചക്കറി സ്റ്റാളിന് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഹേമ സിംഗ് എന്ന സ്ത്രീയെ സന്തോഷ് പഥക്കും രാഹുൽ ദ്വിവേദിയും ചേർന്നാണ് മർദ്ദിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
തന്റെ പച്ചക്കറി സ്റ്റാൾ പഥക്കിന്റേതാണെന്ന് പറഞ്ഞ് രാഹുൽ ദ്വിവേദി തന്നെ ഭീഷണിപ്പെടുത്തുകയും അനുവദിച്ച സ്ഥലത്ത് സ്റ്റാൾ ഇടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായി ഹേമ സിംഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും ചേർന്ന് തന്നെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വൈറലായ വീഡിയോയിൽ, ആക്രമണകാരികളിലൊരാളായ സന്തോഷ്, വടികൊണ്ട് സ്ത്രീയെ അടിക്കുകയും നിലത്ത് വീണപ്പോൾ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാണാം.
സംഭവത്തിൽ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് സംസ്ഥാന കോൺഗ്രസ് മേധാവി ജിതു പട്വാരി ആരോപിച്ചു. സ്ത്രീകൾക്കെതിരെ ബിജെപി നേതാക്കൾ നടത്തുന്ന അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും പട്വാരി ആവശ്യപ്പെട്ടു. വീഡിയോയിലുള്ള സന്തോഷ് പഥക് ഉത്തരേന്ത്യയിൽ ബിജെപി പ്രവർത്തകർ സാധാരണ ധരിക്കുന്ന കോട്ട് ധരിച്ചിരിക്കുന്നതായും, ഇയാൾ മധ്യപ്രദേശിലെ സിഹാവൽ നിയമസഭാ മണ്ഡലത്തിലെ ബിജെപി നേതാവാണെന്നും റിപ്പോർട്ടുകളുണ്ട്.
സന്തോഷ് പഥക്, രാഹുൽ ദ്വിവേദി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296(ബി), 115(2), 351(3) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി സിദ്ധി അഡീഷണൽ പോലീസ് സൂപ്രണ്ട് അരവിന്ദ് ശ്രീവാസ്തവ ദി ഹിന്ദുവിനോട് പറഞ്ഞു. ഇരുവരും ഒളിവിലാണെന്നും, പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് പഥകിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അരവിന്ദ് ശ്രീവാസ്തവ വ്യക്തമാക്കി.
