ഇനി 25 ശതമാനം താരിഫ് കൂടി ചുമത്തിയാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് താങ്ങാന്‍ കഴിയില്ല; ട്രംപിന്റെ 'ഇറാന്‍ താരിഫില്‍' ആശങ്ക അറിയിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്െ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂര്‍. 75 ശതമാനം താരിഫ് ചുമത്തിക്കഴിഞ്ഞാല്‍ ഒരു ഇന്ത്യന്‍ കമ്പനിക്കും അമേരിക്കയുമായി കയറ്റുമതി വ്യാപാര ബന്ധത്തിന് കഴിയില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. യു.എസ് 25 ശതമാനം താരിഫ് ചുമത്തിയപ്പോള്‍ തന്നെ തനിക്ക് ആശങ്ക ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഇന്ത്യയുടെ പ്രാദേശിക സാമ്പത്തിക എതിരാളികളായ രാഷ്ട്രങ്ങള്‍ക്കുമേല്‍ 15നും 19 ശതമാനത്തിനും ഇടക്ക് താരിഫ് മാത്രമാണ് ചുമത്തിയിരുന്നത് എന്നതാണ് കാരണം.
തുടക്കം മുതല്‍ തന്നെ അമേരിക്കയുടെ താരിഫ് പ്രഖ്യാപനങ്ങളില്‍ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യയില്‍ ഇന്ത്യയ്ക്ക് സമാനമായ വ്യാപാര രാജ്യങ്ങളായ വിയറ്റ്‌നാം, തായിലന്റ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് 15നും 19നും ഇടയിലാണ് താരിഫ്. ഇന്ത്യക്ക് ആദ്യ ഘട്ടത്തില്‍ 25 ശതമാനം താരിഫാണ് ചുമത്തിയത്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ താരിഫ് വര്‍ധിപ്പിച്ചതോടെ 25 ശതമാനം കൂടി താരിഫ് ചുമത്തി. റഷ്യന്‍ ഉപരോധത്തിന്റെ പേരില്‍ അത് 75 ശതമാനാക്കിയിരിക്കുകയാണ്. 75 ശതമാനം താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുമായി വ്യാപാരം ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുന്നു. തരൂര്‍ വിശദീകരിച്ചു.
'25 ശതമാനം താരിഫ് തന്നെ ഇന്ത്യയെ പ്രശ്‌നത്തിലാക്കി. റഷ്യന്‍ ഉപരോധത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇനി ഇറാനുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ 25 ശതമാനം കൂടി താരിഫ് ഏര്‍പ്പെടുത്തിയാല്‍ സ്ഥിതി കൂടുതല്‍ വഷളാവും.' തരൂര്‍ പറഞ്ഞു.
25 ശതമാനം താരിഫ് കൂടി ചുമത്തിയാല്‍ ഇന്ത്യക്ക് മരുന്ന് പോലുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ യു.എസില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയൂ എന്നും അത് പ്രശ്‌നം വഷളാക്കുമെന്നും ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. യു.എസുമായുള്ള വ്യാപാര കരാറില്‍ പുതിയ യു.എസ് അംബാസിഡറിന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.