അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ശബ്ദവും പകര്‍ത്താന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം; ക്യാമറകളില്‍ പതിയുന്ന കാര്യങ്ങള്‍ കുറഞ്ഞത് 15 ദിവസത്തേക്കെങ്കിലും സംരക്ഷിക്കപ്പെടണം; പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ
ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യത്തിനൊപ്പം ശബ്ദവും പകര്‍ത്താന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സി.ബി.എസ്.ഇ. പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളുകളിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ നിര്‍ദേശങ്ങള്‍ എന്ന് ബോര്‍ഡ് വ്യക്തമാക്കി.
വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം തുടങ്ങിയ പ്രധാന പൊതുപ്രദേശങ്ങളിലാണ് ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നത്. സജ്ജീകരണങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും വിധത്തില്‍ നിര്‍മിക്കപ്പെടണം. ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് 15 ദിവസത്തേക്കെങ്കിലും സംരക്ഷിക്കപ്പെടണം. അന്വേഷണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ഭാഗമായി അധികൃതര്‍ക്ക് അവ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടാകണം എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സിബിഎസ്ഇ അഫിലിയേഷനുള്ളതും തുടര്‍ന്നും അഫിലിയേഷന്‍ നിലനിര്‍ത്താനാഗ്രഹിക്കുന്നതുമായ സ്‌കൂളുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ബോര്‍ഡ് താക്കീത് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി- അധ്യാപക സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ എന്നും ബോര്‍ഡ് വിശദീകരിച്ചു.