'എന്നോട് ക്ഷമിക്കൂ, എനിക്ക് വേണ്ടി പ്രാർഥിക്കണം, ഞാൻ 50 ഉറക്ക ഗുളികകൾ കഴിച്ചു'; ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം; പൊലീസിനെ വിവരമറിയിച്ച് മെറ്റ
ലക്നൗ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശിലെ ഭാദോഹിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ മെറ്റ അധികൃതർ പൊലീസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷാപ്രവർത്തനം. മോട്ടോർസൈക്കിൾ വാങ്ങി നൽകാത്തതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവാവ് വെളിപ്പെടുത്തി.
തന്റെ പ്രിയപ്പെട്ടവരോടായി, "എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാൻ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ 50 ഉറക്ക ഗുളികകൾ കഴിച്ചു, ഞാൻ മരിച്ചാലും വിഷമിക്കരുത്" എന്ന് കുറിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വ്യാഴാഴ്ച രാത്രി 11.15 ഓടെ യുവാവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സംബന്ധിച്ച മെയിൽ പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിന് ലഭിച്ചു.
ഉടൻ തന്നെ യുവാവിന്റെ സ്ഥലം കണ്ടെത്തിയ സോഷ്യൽ മീഡിയ സെന്റർ, ഭാദോഹി പൊലീസിന് വിവരം കൈമാറി. ഔറൈ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഏഴ് മിനിറ്റിനുള്ളിൽ യുവാവിന്റെ വീട്ടിലെത്തി. കട്ടിലിൽ ഛർദിച്ച് അവശനായ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് യുവാവിനെ കൗൺസിലിങ്ങിന് വിധേയനാക്കി.