തുടര്‍ച്ചയായി നാലുദിവസം ബാങ്ക് അടഞ്ഞുകിടക്കുമെന്ന ആശങ്ക വേണ്ട; ഈ മാസം 24 നും 25 നും പ്രഖ്യാപിച്ച അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി വച്ചു; ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനം
അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി വച്ചു
ന്യൂഡല്‍ഹി: ഈ മാസം 24 നും 25 നും പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഗണിക്കാമെന്ന് ചീഫ് ലേബര്‍ കമ്മീഷണര്‍ ഉറപ്പുനല്‍കി. ഏപ്രില്‍ മൂന്നാം വാരം അടുത്ത ചര്‍ച്ച നടക്കും.
ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു)വാണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എല്ലാ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
മാര്‍ച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. 24, 25 തീയതികളില്‍ പണിമുടക്ക് നടന്നിരുന്നുവെങ്കില്‍ തുടര്‍ച്ചയായി 4 ദിവസം ബാങ്ക് അടഞ്ഞ് കിടക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. മാര്‍ച്ച് 30- ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന്- കണക്കെടുപ്പ് എന്നിവയായതിനാല്‍ ആ ദിവസങ്ങളില്‍ വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും.