എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല; പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന്റെ പേര് ഒഴിവാക്കി
എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പങ്കെടുത്തേക്കില്ല. എപ്സ്റ്റീന്‍ ഫയലില്‍ ബില്‍ഗേറ്റ്‌സിന്റെ പേര് പരാമര്‍ശിക്കപ്പെട്ടാണ് പിന്മാറ്റത്തിന് കാരണം. പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി.
ബില്‍ഗേറ്റ്‌സ് പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മാലയിട്ടു സ്വീകരിച്ചവരാണ് ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ള ബില്‍ ഗേറ്റ്‌സിനെ അതിഥിയായി സ്വീകരിക്കുന്നതെന്ന് അവര്‍ പരിഹസിച്ചു. ഇതാണ് പുതിയ ഇന്ത്യ' എന്നായിരുന്നു സുപ്രിയയുടെ വിമര്‍ശനം. എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ തനിക്ക് ഖേദമുണ്ടെന്നും അത് വലിയൊരു തെറ്റായിപ്പോയെന്നും നേരത്തെ ബില്‍ ഗേറ്റ്‌സ് മാപ്പ് ചോദിച്ചിരുന്നു. ഇത് വീണ്ടും ചര്‍ച്ചയാക്കിയാണ് കോണ്‍ഗ്രസിന്റെ കടന്നാക്രമണം.
നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുക ലക്ഷ്യംവെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. യുകെ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം എഐ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമായി ഇന്ത്യ മാറി. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നടക്കുന്ന ആദ്യ ഉച്ചകോടി കൂടിയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ എന്നിവര്‍ പങ്കെടുക്കും. സുന്ദര്‍ പിച്ചൈ, ഡെമിസ് ഹസാബിസ്, ബ്രാഡ് സ്മിത്ത് തുടങ്ങി നൂറിലധികം കമ്പനികളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഭാഗമാകും.