നൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരന്റെ സുഹൃത്തുകള്‍; നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് വധു; തുടര്‍ന്ന് വധുവിന് നേരെ അസഭ്യം പറച്ചിലും മാതാപിതാക്കളെ ആക്രമിച്ചു; വിവാഹം നിരസിച്ച് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപോയി
ചെന്നൈ: നവവരന്റെ സുഹൃത്തുക്കളുടെ ഇടയില്‍ മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കം അക്രമത്തിലേക്ക് വഴിമാറി. ഇതേ തുടര്‍ന്ന് വിവാഹം തന്നെ നിര്‍ത്തുകയും ചെയ്തു. കൃഷ്ണഗിരി ജില്ലയിലെ ബര്‍ഗൂരില്‍ നടന്ന സംഭവം വലിയ ചര്‍ച്ചയായി. വിവാഹത്തലേന്നു നടത്തിയ സത്കാരച്ചടങ്ങിനിടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ വരന്റെ സുഹൃത്തുക്കള്‍ നവവധുവിനോട് നൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
തനിക്കു നൃത്തം അറിയില്ലെന്നും താത്പര്യമില്ലെന്നും പറഞ്ഞപ്പോള്‍ ഇവര്‍ അസഭ്യം പറയുകയും നവവധുവിന്റെ മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ ഞെട്ടിയ നവവധു ''വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തിലുള്ള പെരുമാറ്റമാണെങ്കില്‍ വിവാഹത്തിന് ശേഷം സാഹചര്യം കൂടുതല്‍ ദുഷ്‌കരമാകും'' എന്ന് പറഞ്ഞ് വിവാഹം നിരസിച്ചു. ഉടന്‍തന്നെ മാതാപിതാക്കള്‍ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും മണ്ഡപത്തിലെ അലങ്കാരങ്ങള്‍ നീക്കംചെയ്ത് കുടുംബം സ്ഥലത്ത് നിന്നും മടങ്ങുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക ചര്‍ച്ചയുണ്ടായി.