ജമ്മു കാശ്മീരില്‍ മിലിട്ടറി വാഹനം 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികര്‍ക്ക് വീരമൃത്യു; ഒമ്പത് പേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒന്‍പത് സൈനികര്‍ക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികര്‍ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പതിനേഴ് സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്നു സൈനികര്‍. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നാലു സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റവരെ ഉദ്ദം പൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
17 സൈനികരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒമ്പത് പേര്‍ക്ക് സാരമായി പരിക്കേറ്റു. നാലു പേര്‍ക്ക് ചെറിയ പരിക്കുകളേ പറ്റിയിട്ടുള്ളൂ എന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റോഡിലെ മോശം കാലാവസ്ഥയോ നിയന്ത്രണം വിട്ടതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ജമ്മു കാശ്മീരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുല്‍മാര്‍ഗ് സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് സൈനിക പോര്‍ട്ടര്‍മാര്‍ കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു. ഗുല്‍മാര്‍ഗ് സെക്ടറിലെ അനിത പോസ്റ്റിലേക്ക് പോവുകയായിരുന്ന ലയാഖത്ത് അഹമ്മദ് ദീദാര്‍ (27), ഇഷ്ഫാഖ് അഹമ്മദ് ഖതാന (33) എന്നീ പോര്‍ട്ടര്‍മാരാണ് കൊക്കയിലേക്ക് വീണ് മരിച്ചത്. ബാരാമുള്ള സ്വദേശികളായ ഇവരുടെ മൃതദേഹങ്ങള്‍ രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്താനായത്.
കഴിഞ്ഞ വര്‍ഷം മേയില്‍ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാത 44ല്‍ ബാറ്ററി ചഷ്മയ്ക്ക് സമീപമായിരുന്നു അന്നത്തെ അപകടം. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നീ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്.
