ചാണകം തീറ്റിച്ചു; അഴുക്ക് ചാലിലെ വെള്ളം കുടിപ്പിച്ചു: ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനുനേരേ ബജ്രംഗ്ദള്‍ ആക്രമണം
ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനുനേരേ ബജ്രംഗ്ദള്‍ ആക്രമണം
ഭുവനേശ്വര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനുനേരേ ബജ്രംഗ്ദള്‍ ആക്രമണം. വൈദികന്റെ വീട് വളഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുക ആയിരുന്നു. ധെങ്കനാല്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ ബിപിന്‍ ബിഹാരി നായിക് എന്ന വൈദികനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ വൈദികന്‍ പരാതികൊടുത്തു. ജനുവരി നാലിന് പര്‍ജാംഗ് ഗ്രാമത്തിലെ വീട്ടില്‍ പതിവ് ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിഞ്ഞത്. വൈദികനും ഭാര്യ വന്ദനയും പ്രദേശത്തെ ഏഴ് കുടുംബങ്ങളും പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.
നാല്‍പ്പതോളം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വീട് വളഞ്ഞ് അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വന്ദനയും കുട്ടികളും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയെങ്കിലും വൈദികനെ തടഞ്ഞുെവച്ച് മര്‍ദിക്കുകയും മുഖത്ത് സിന്ദൂരം പൂശുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. പിന്നീട് സമീപത്തെ ക്ഷേത്രത്തിനുമുന്നില്‍ കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അഴുക്കുചാലിലെ വെള്ളവും കുടിപ്പിച്ചെന്നും പരാതിയുണ്ട്.
സംഭവത്തിനുപിന്നാലെ ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വീടുപേക്ഷിച്ച് പോയതായും പറയുന്നു. സംഭവത്തില്‍കേസെടുത്തെന്നും അതേസമയം, ചാണകം തീറ്റിച്ചതിനും അഴുക്കുചാലിലെ വെള്ളം കുടിപ്പിച്ചതിനും തെളിവില്ലെന്നും ധെങ്കനാല്‍ എസ്പി അഭിനവ് സോന്‍കര്‍ അറിയിച്ചു.
അപലപിച്ച് സിബിസിഐ
ന്യൂഡല്‍ഹി: പാസ്റ്റര്‍ക്കുനേരേയുണ്ടായ അതിക്രമത്തെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. വ്യക്തിയുടെ അന്തസ്സിനെയും വിശ്വാസത്തെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണവും അപമാനിക്കലുമാണുണ്ടായതെന്ന് സിബിസിഐ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ഇരയ്ക്ക് നീതി ലഭിക്കണം. പാസ്റ്ററോടൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. എല്ലാ പൗരര്‍ക്കും അധികൃതര്‍ സുരക്ഷ ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.