ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുമായി പൊരിഞ്ഞ അടി; മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ കേസെടുത്ത് പോലീസ്; വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

Update: 2025-07-18 13:41 GMT

ന്യൂഡല്‍ഹി: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ പോലീസ് കേസെടുത്തു. തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അയല്‍വാസി നല്‍കിയ പരാതിയില്‍ ഹസിനും മകളായ ആര്‍ഷി ജഹാനെതിരേയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം. ഹസിനും മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


ഹസിന്‍ ജഹാന്റെ മകളായ ആര്‍ഷി ജഹാന്റെ പേരിലുള്ള ഭൂമിയെ സംബന്ധിച്ച് നേരത്തേ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ ഭൂമിയില്‍ അടുത്തിടെ ഹസിന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് അയല്‍വാസിയായ ദാലിയ എന്നയാള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ അയല്‍വാസിയുടെ തലയ്ക്ക് പരിക്കേറ്റതായാണ് സൂചന. ഹസിന്റെ ആദ്യ ഭര്‍ത്താവില്‍ പിറന്ന മകളാണ് ആര്‍ഷി. പരാതിയെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ഹസിനെതിരേ ചുമത്തിയിട്ടുണ്ട്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

അയൽവാസികളെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് ഹസിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കൂട്ട നിവേദനം സമർപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ആരോപണങ്ങളെക്കുറിച്ച് ഹസിൻ ജഹാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News