ജാതി വിവേചനം പ്രണയത്തിന് തടസ്സമായി; പത്താം ക്ലാസുകാരിയെയും കൂട്ടി കാമുകൻ പോയത് മരണത്തിലേക്ക്; കീടനാശിനി കഴിച്ച് മരത്തിൽ തൂങ്ങി മരിക്കും മുൻപ് വീഡിയോ പകർത്തി യുവാവ്

Update: 2026-02-23 14:29 GMT

ഗുംല: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ ജാതി വ്യത്യാസത്തിന്റെ പേരിൽ പ്രണയബന്ധത്തിന് എതിർപ്പ് നേരിട്ടതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സോണി കുമാരി (16), രമേഷ് ബറൈക് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ കംദാര പോലീസ് സ്റ്റേഷൻ പരിധിയിലെ ഗംഹർ ടോളി ഗ്രാമത്തിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജാതി വ്യത്യാസങ്ങൾ കാരണം ഇവരുടെ പ്രണയബന്ധം വീട്ടുകാരോ സമൂഹമോ അംഗീകരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായത്.

ശനിയാഴ്ച സോണി തന്റെ മെട്രിക്കുലേഷൻ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ബസിയയിലേക്ക് പോയിരുന്നു. പരീക്ഷ കഴിഞ്ഞ് മകളെ കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ സ്കൂളിലെത്തിയെങ്കിലും, അതിനുമുമ്പേ കാമുകനെത്തി സോണിയുമായി കടന്നുകളഞ്ഞിരുന്നു. വീട്ടുകാർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലർച്ചെയാണ് ഗ്രാമവാസികൾ ദമ്പതികളെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ താഴെയിറക്കി പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു.

തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആത്മഹത്യയ്ക്ക് യുവാവ് ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നതായും ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതായും പോലീസ് പറഞ്ഞു. മരത്തിൽ തൂങ്ങുന്നതിന് മുമ്പ് ഇരുവരും കീടനാശിനി കഴിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Tags:    

Similar News