'ഡല്‍ഹി ബനേഗ ഖലിസ്ഥാന്‍'; മെട്രോ സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കിയെന്ന് അധികൃതര്‍
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാ ശക്തമാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. ഡല്‍ഹി സെക്രട്ടേറിയറ്റ്, ഡല്‍ഹി നിയമസഭ, ചെങ്കോട്ട, രണ്ട് സ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് നേരയാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. എന്നാലിത് വ്യാജമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ബോംബ് ഭീഷണികള്‍ വന്ന ഐ.പി അഡ്രസ്സുകള്‍ കണ്ടെത്താന്‍ സൈബര്‍ ടീമുകള്‍ ശ്രമിക്കുന്നുണ്ട്.
'ഡല്‍ഹി ബനേഗ ഖലിസ്ഥാന്‍' എന്ന് പറയുന്ന ഇമെയിലുകളില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഡല്‍ഹി ആര്‍മി സ്‌കൂള്‍, ചെങ്കോട്ട, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.11ന് ആര്‍മി സ്‌കൂളിലും 3.11ന് വിധാന്‍ സഭയിലും, രാവിലെ 9.11ന് ചെങ്കോട്ടയിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സന്ദേശങ്ങളില്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ട, ഡല്‍ഹി സെക്രട്ടേറിയറ്റ്, നിയമസഭാ സമുച്ചയം എന്നിവിടങ്ങളില്‍ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അന്വേഷണം വഴിതിരിച്ചു വിടാന്‍ കുറ്റവാളികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വി.പി.എന്‍) ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റവാളികളെ പെട്ടെന്ന് കണ്ടെത്തുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എല്ലാ പ്രധാന സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിയുള്ള സ്ഥലങ്ങളില്‍ സമഗ്ര പരിശോധന നടത്തിയെന്നും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. മുന്‍കരുതലായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി