കിഷ്ത്വാര്‍ മേഘവിസ്‌ഫോടന ദുരന്തത്തില്‍ വീരമൃത്യു വരിച്ച സി.ഐ.എസ്.എഫ്. ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം കൈമാറി; ഇന്‍ഷുറന്‍സ് തുക കൈമാറിയത് സി.ഐ.എസ്.എഫും എസ്.ബി.ഐ-യും തമ്മിലുള്ള ധാരണാപത്രപ്രകാരം
കിഷ്ത്വാര്‍ മേഘവിസ്‌ഫോടന ദുരന്തത്തില്‍ വീരമൃത്യു വരിച്ച സി.ഐ.എസ്.എഫ്. ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം കൈമാറി
ന്യൂഡല്‍ഹി: ആഗസ്റ്റ് മാസം 14ാം തീയ്യതി ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായ ജവന്‍മാരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം കൈമാറി. സി.ഐ.എസ്.എഫ് ഹേഡ് കോണ്‍സ്റ്റബിള്‍ എം. കെ. ബിസ്വാല്‍, ഹേഡ് കോണ്‍സ്റ്റബിള്‍ ആനന്ദ് കുമാര്‍ എന്നിവരുടെ അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാര തുക കൈമാറിയത്. എസ്.ബി.ഐ. സി.എ.പി.എസ്.പി. പദ്ധതി പ്രകാരമാണ് തുക കൈമാറിയത്.
പദ്ധതി പ്രകാരമുള്ള ഒരു കോടി രൂപയുടെ അധിക പ്രൊഫഷണല്‍ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള തുകയാണ് എസ്.ബി.ഐ-യുമായി ചേര്‍ന്ന് സി.ഐ.എസ്.എഫ് കൈമാറിയത്. കഴിഞ്ഞ മാസം സിഐഎസഎഫ് ഹെഡ്ക്വാര്‍ട്ടേഴ്സിലും ആര്‍ടിസി മുണ്ടാലിയിലും വെച്ച് നടന്ന ചടങ്ങിലാണ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ചെക്കുകള്‍ കൈമാറിയത്.
സി.ഐ.എസ്.എഫും എസ്.ബി.ഐ-യും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഫലമാണ് ഈ ക്ഷേമ പദ്ധതി തുടങ്ങിയത്. ധാരണാപത്രം അനുസരിച്ച്, ഒരു കോടി രൂപയ്ക്ക് പുറമെ, ധീരജവാന്‍മാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപയുടെയും, ആണ്‍കുട്ടികള്‍ക്ക് 8 ലക്ഷം രൂപയുടെയും, പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെയും അധിക സഹായങ്ങള്‍ നല്‍കാന്‍ എസ്.ബി.ഐ. സമ്മതിച്ചിട്ടുണ്ട്. ഓരോ പെണ്‍കുട്ടിക്കും 5 ലക്ഷം രൂപ വീതം അധിക സഹായം നല്‍കും. ഈ ക്ഷേമ നടപടി ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ആത്മവീര്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും സേന വൃത്തങ്ങള്‍ വ്യക്തമാക്കി.