കൊടുംചൂടില്‍ നിന്ന് 'ആശ്വാസം' തേടി ബിയര്‍ വാങ്ങി; ബോട്ടിലില്‍ ജീവനുള്ള മീന്‍; പരാതി ഉണ്ടെങ്കില്‍ ബിയര്‍ കമ്പനിയെ സമീപിക്കണമെന്ന് വൈന്‍ ഷോപ്പ് ജീവനക്കാര്‍
ഹൈദരാബാദ്: കൊടുംചൂടില്‍ നിന്ന് 'ആശ്വാസം' തേടി ബിയര്‍ വാങ്ങിയ മധ്യവയസ്‌കന് നല്‍കിയ കിംഗ്ഫിഷര്‍ ലൈറ്റ് ബിയര്‍ കുപ്പിയില്‍ കണ്ടെത്തിയത് ജീവനുള്ള മീന്‍. കുപ്പി തുറക്കുന്നതിന് മുന്നേ തന്നെ അതിനുള്ളില്‍ എന്തോ ഉള്ളതായി അയാള്‍ ശ്രദ്ധിച്ചു. പിന്നീടാണ് അത് മീനാണെന്നും അതിന് ജീവനുണ്ടെന്നും വ്യക്തമായത്. ഹൈദരാബാദിലെ നാചരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മല്ലപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്.
മല്ലപൂരിലെ മദ്യവില്‍പ്പനശാലയായ ജെയ്പീ വൈന്‍ ഷോപ്പില്‍ നിന്നാണ് ഒരു ഉപഭോക്താവ് കിംഗ്ഫിഷര്‍ ലൈറ്റ് ബിയര്‍ കുപ്പി വാങ്ങിയത്. തുടര്‍ന്ന് കുപ്പിയുമായി കടയിലെത്തിയ ഇയാള്‍ ജീവനക്കാരോട് വിവരം പറഞ്ഞു. എന്നാല്‍ അവിടെ അല്ല മദ്യം നിര്‍മിക്കുന്നതെന്നും കമ്പനി അയച്ചുതരുന്നത് വില്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജീവനക്കാര്‍ പറഞ്ഞത്. പരാതി ഗൗരവമായി പരിഗണിക്കുന്നതിന് പകരം ജീവനക്കാര്‍ തന്റെ ആശങ്കകള്‍ തള്ളിക്കളഞ്ഞുവെന്ന് ഉപഭോക്താവ് പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ ബിയര്‍ കമ്പനിയെ സമീപിക്കണമെന്ന് അവര്‍ പറഞ്ഞതായും ഉപഭോക്താവ് ചൂണ്ടിക്കാട്ടി.
ഇത് ഉപഭോക്താവിനെ പ്രകോപിപ്പിച്ചതായും പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. സീല്‍ ചെയ്ത കുപ്പിയില്‍ എങ്ങനെ ജീവനുള്ള മീനെത്തി എന്നതാണ് പലരുടെയും സംശയം.