'മാസത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ..'; സ്തനങ്ങളെ ഓറഞ്ചിനോടു താരതമ്യപ്പെടുത്തി പരസ്യം; വിവാദത്തിൽ മുങ്ങി ഡൽഹി മെട്രോയുടെ 'സ്തനാർബുദ' അവബോധ പരസ്യം; പ്രതിഷേധവുമായി സോഷ്യൽ ലോകം
ഡൽഹി: ഡൽഹി മെട്രോയുടെ പുതിയ പരസ്യം വിവാദത്തിൽ. സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തിയ 'സ്തനാർബുദ' അവബോധ പരസ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബസിനുള്ളിൽ ഓറഞ്ച് കൈയിൽ പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തോടൊപ്പം ‘ മാസത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ.
നേരത്തേ കണ്ടെത്തി ജീവൻ രക്ഷിക്കൂ’ എന്ന പരസ്യ വാചകവും ചേർത്തിട്ടുണ്ട്. എഐ ടെക്നോളജിയുടെ സഹായത്തിൽ സൃഷ്ടിച്ച ചിത്രമാണ് ചേർത്തിരിക്കുന്നത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായുള്ള പരസ്യമാണിതെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ 'യുവികാൻ' ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ക്യാംപെയ്നിന്റെ പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. വിവാദ പരസ്യം ഇറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
എക്സിൽ ഇതിനോടകം നിരവധിപ്പേർ വിമർശനവുമായി എത്തിയിട്ടുണ്ട്. സ്തനാർബുദ അവബോധ ക്യാംപെയ്നിൽപ്പോലും സ്തനത്തെ എന്തിന് അങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.