തണുത്തുവിറച്ച് രാജ്യതലസ്ഥാനം; താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍; തീവണ്ടികള്‍ വൈകി; വായു ഗുണനിവലാരം തുടര്‍ച്ചയായ രണ്ടാം ദിവസവും മോശമായി തുടരുന്നു
ന്യൂഡല്‍ഹി: താപനില താഴ്ന്നതോടെ തണുത്തുവിറച്ച് രാജ്യതലസ്ഥാനം. താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട 18 തീവണ്ടികള്‍ വൈകി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടില്ല. ഡല്‍ഹിയിലെ വായു ഗുണനിവലാരം തുടര്‍ച്ചയായ രണ്ടാം ദിവസവും വളരെ മോശമായി തുടരുകയാണ്.
എന്നാല്‍ കനത്ത മൂടല്‍മഞ്ഞുള്ള പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായണമെന്ന് വിമാനത്താവള അധികൃതര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 28-വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക നിർദേശമനുസരിച്ച് എല്ലാ വിമാനങ്ങളും ഷെഡ്യൂൾ അനുസരിച്ചാണ് പ്രവർത്തിക്കുകയാണ്. അതേസമയം പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതിനിടെ, ഡല്‍ഹിയിലെ വായു ഗുണനിവലാരം തുടര്‍ച്ചയായ രണ്ടാം ദിവസവും വളരെ മോശമായി തുടരുകയാണ്. ഡൽഹിയിൽ ഇന്ന് രാവിലെ 8 മണിക്ക് വായു ഗുണനിലവാര സൂചികയിൽ 372 രേഖപ്പെടുത്തി. ബുധാനാഴ്ച 360 ലായിരുന്നു സൂചിക. ആനന്ദ് വിഹാർ (372), അശോക് വിഹാർ (362), ബവാന (376) എന്നിവയുൾപ്പെടെ നഗരത്തിലെ പ്രത്യേക പ്രദേശങ്ങൾ ‘വളരെ മോശം’ വായുവിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയോ രാത്രിയോടെയോ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആശ്വാസം നല്‍കുന്നതാണ്.