ചത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റമുട്ടൽ; 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി

Update: 2025-03-31 10:58 GMT

റായ്പൂർ: ചത്തീസ്ഗഡിലെ ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. മാവോയിസ്റ്റുകളുടെ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗമായിരുന്നു രേണുക. മാവോയിസ്റ്റുകളുടെ ഏറ്റവും ശക്തമായ സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ പ്രസ് ടീമിന്റെ ചുമതല വഹിച്ചിരുന്നതും രേണുകയായിരുന്നു എന്നാണ് പോലീസ് വ്യകതമാക്കുന്നത്.

മേഖലയിൽ മാവോയിസ്റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാസേന ഇവിടെയെത്തിയത്. രാവിലെ 9 മണിയോടെ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശിച്ചത്തിന് മുന്പ് ഈ മേഖലയിലെ 50 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135 ആയി.

കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാ​ഗവും ബസ്ത‌ർ, ദന്ദേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. സൈനിക നീക്കങ്ങളുടെ ഭാ​ഗമായി 800ലധികം മാവോവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2026 മാർച്ച് 29ന് മുമ്പായി മാവോവാദികളെ തുടച്ചു നീക്കുമെന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ മേഖലകളിൽ തെരച്ചിലുകൾ ഊർജ്ജിതമാക്കിയത്.

അതേസമയം, ഇന്നലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ സുരക്ഷാ സേനക്ക് മുൻപാകെ കൂട്ടത്തോടെ കീഴടങ്ങിയിരുന്നു. സായുധ സേന ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് വനിതകളും പുരുഷൻമാരുമടങ്ങുന്ന 50 അം​ഗ മാവോയിസ്റ്റ് സംഘം ബിജാപുർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. തലക്ക് ലക്ഷങ്ങൾ വിലയിട്ട മാവോയിസ്റ്റുകളും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

Tags:    

Similar News