മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് സുഹൃത്തുക്കളുടെ ക്രൂരത; ട്രാൻസ്‍ഫോർമർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; യുവാവിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി; സുഹൃത്തുക്കൾ പിടിയിൽ
കാൺപൂർ: മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതി അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. മോഷണ ശ്രമത്തിനിടെ നടന്ന അപകടവും, ശേഷം ഒപ്പമുണ്ടായിരുന്നവർ ചെയ്ത ക്രൂരതയിലേക്കുമാണ് അന്വേഷണം ചെന്നെത്തിയത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഗ്വാൽടോലി സ്വദേശിയായ മഞ്ജു ദേവി എന്ന സ്ത്രീയാണ് തന്റെ മകൻ ഹിമാൻഷുവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ ചേർന്ന് തന്റെ മകനെ കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും മഞ്ജു ദേവിയുടെ പരാതിയിൽ പറയുന്നു.
കേസിൽ അന്വേഷണം നടത്തിയ പോലീസ് സംഘം സുഹൃത്തുക്കളായ അസ്‍ലം, ഷാൻ അലി, രാജേഷ് കുമാർ എന്നിവരെ പിടികൂടി. ഒക്ടോബർ 25നാണ് ഹിമാൻഷുവിനെ കാണാതാവുന്നത്. ഹിമാൻഷുവിന് സ്വന്തമായി ആക്രിക്കട ഉണ്ടായിരുന്നു. കാണാതാവുന്ന ദിവസം രാത്രി ഇയാൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയി. താൻ കടയിലാണ് അന്ന് കിടന്നുറങ്ങാൻ പോകുന്നതെന്ന് അമ്മയോട് പറഞ്ഞായിരുന്നു വീട്ടിൽ നിന്നിറങ്ങിയത്.
എല്ലാവരും ചേർന്ന് ഗുരുദേവ് ക്രോസിങിന് അടുത്തുള്ള വൈദ്യുത ട്രാൻസ്‍ഫോർമർ മോഷ്ടിക്കാനായിരുന്നു പദ്ധതി. എന്നാൽ മോഷണ ശ്രമത്തിനിടെ ഹിമാൻഷുവിന് ശക്തമായ വൈദ്യുതാഘാതമേറ്റു. ശേഷം ഇയാൾ അവശനായതോടെ സുഹൃത്തുക്കൾ പരിഭ്രാന്തരായി. മോഷണ ശ്രമത്തെ പറ്റി പുറത്ത് അറിയുമെന്ന് ഭയന്ന് ജീവനുണ്ടായിരുന്നിട്ടും ഹിമാൻഷുവിനെ അവർ ആശുപത്രിയിലേക്ക് കൊണ്ട് പോയില്ല.
ഇവർ ഹിമാൻഷുവിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ശുക്ലഗഞ്ച് ഏരിയയിൽ എത്തിച്ച ശേഷം ഗംഗാ നദയിൽ തള്ളുകയായിരുന്നു. നദിയിൽ എറിയുമ്പോഴും ഹിമാൻഷുവിന് ജീവനുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ വെന്നാണ് സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഇവരുടെ മൊഴിക്ക് പിന്നാലെ പോലീസ് നദിയിൽ തെരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.