പൊളി ലൈഫ് അല്ലെ..!; കസ്റ്റഡിയിലിരിക്കെ ഗുണ്ടാ നേതാവിന് മട്ടൻ ബിരിയാണി; അകമ്പടിയായി എത്തിയത് മൂന്ന് ലക്ഷ്വറി കാറുകൾ; അഞ്ച് പോലീസുകാരെ വീട്ടിൽ ഓടിച്ച് കടുത്ത നടപടി
മുംബൈ: ഗുണ്ടാ നേതാവിന് പോലീസ് കസ്റ്റഡിയിൽ മട്ടൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ കടുത്ത നടപടി. ഒരു ജയിലിൽ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് വാഹനം വഴിയിൽ നിർത്തി ഹോട്ടലിൽ നിന്ന് മട്ടൻ ബിരിയാണി വാങ്ങി കൊടുത്തത്. ഗുണ്ടാ നേതാവിന്റെ കൂട്ടാളികൾ വഴിയിലുടനീളം ആഡംബര വാഹനങ്ങളിൽ അനുഗമിക്കുകയും ചെയ്തു.
പൂനെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗജനൻ എന്ന് അറിയപ്പെടുന്ന ഗജ മർനെ എന്ന ഗുണ്ടാ നേതാവിനെയാണ് യെർവാദ സെൻട്രൽ ജയിലിൽ നിന്ന് സാംഗ്ലി ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടെ പൊലീസുകാർ വഴിവിട്ട് സഹായിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെയാണ് പോലീസുകാർക്കെതിരെ നടപടി വന്നത്. ഫെബ്രുവരി 19ന് ശിവ ജയന്തി ആഘോഷങ്ങൾക്കിടെ ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറെ മർദിച്ച സംഭവത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.