ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ഏഴു മരണം; മരിച്ചവരില്‍ രണ്ടുസ്ത്രീകളും രണ്ടുകുട്ടികളും; പരിക്കേറ്റ നാലു പേര്‍ ആശുപത്രിയില്‍; അപകടത്തില്‍ പെട്ടത് പുരാതന ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചേരികളിലെ താമസക്കാര്‍
ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 7 പേര്‍ മരിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 7 പേര്‍ മരിച്ചു. തെക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ മേഖലയിലെ ഹരി നഗറില്‍ പഴയ ക്ഷേത്രത്തിന്റെ മതില്‍ ആണ് ഇടിഞ്ഞു വീണത്. 4 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ 2 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.
പുരാതനമായ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ചേരികളിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന അതിശക്തമായ മഴയില്‍ ക്ഷേത്രമതില്‍ അപ്രതീക്ഷിതമായി തകരുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ എട്ടുപേരെയും ഉടന്‍തന്നെ സഫ്ദര്‍ജംഗ്, എയിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും, ഏഴുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹാഷിബുള്‍ എന്നയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഷാബിബുള്‍ (30), റാബിബുള്‍ (30), മുത്തു അലി (45), റുബീന (25), ഡോളി (25), റുഖ്സാന (6), ഹസീന (7) എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ചേരികള്‍ പൂര്‍ണമായും ഒഴിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ഐശ്വര്യ ശര്‍മ്മ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഇടതടവില്ലാത്ത മഴയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് പേമാരിയെത്തിയത്. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് നഗരജീവിതത്തെ സാരമായി ബാധിക്കുകയും വന്‍ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്തു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയായ 204.50 മീറ്ററിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.