തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈയില്‍; ഈ രീതി തുടര്‍ന്നാല്‍ അത് ജനാധിപത്യത്തെ തകിടംമറിയും; തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈയില്‍; ഈ രീതി തുടര്‍ന്നാല്‍ അത് ജനാധിപത്യത്തെ തകിടംമറിയും

Update: 2025-03-10 17:12 GMT

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭ എം.പി കപില്‍ സിബല്‍. കുറേക്കാലമായി തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈയിലാണെന്ന് പറഞ്ഞ അദ്ദേഹം, ഈ രീതി തുടര്‍ന്നാല്‍ അത് ജനാധിപത്യമല്ല, പകരം അതിനെ തകിടംമറിക്കുന്ന തട്ടിപ്പാണെന്നും വിമര്‍ശിച്ചു.

'തെരഞ്ഞെടുപ്പ് കമീഷന്‍ കുറേക്കാലമായി സര്‍ക്കാറിന്റെ കൈയിലാണ്. ജനാധിപത്യം ഇതുപോലെ തുടരുകയും തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാറിനുവേണ്ടി ലോബിയിങ് നടത്തി മുമ്പോട്ടുപോവുകയും ചെയ്താല്‍ അതിന്റെ ഫലം തീര്‍ച്ചയായും നമ്മുടെ മുമ്പിലെത്തും. ഈ രീതി തുടരുകയാണെങ്കില്‍, അത് ജനാധിപത്യമാവില്ല, പകരം കൊടിയ കാപട്യമാകും. കുറേ വര്‍ഷങ്ങളായി നമ്മള്‍ സംശയിച്ചുകൊണ്ടേയിരിക്കുകയാണ്. എന്താണ് താഴേത്തട്ടില്‍ നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം, പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല' -കപില്‍ സിബല്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സന്ദേഹം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചു. 'എല്ലാ സംസ്ഥാനത്തെയും വോട്ടര്‍ പട്ടികയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വോട്ടര്‍ ലിസ്റ്റിനെക്കുറിച്ച ചോദ്യങ്ങള്‍ സജീവമാണ്. വോട്ടേഴ്‌സ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യമുന്നയിച്ചിട്ടും നടക്കുന്നില്ല'.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയിയും വോട്ടേഴ്‌സ് ലിസ്റ്റിന്റെ ആധികാരികതയില്‍ കടുത്ത സംശയം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടത്തിയതായി പറയപ്പെടുന്ന ക്രമക്കേടിന്റെ അടുത്ത പതിപ്പുകള്‍ അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍, അസം നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായും സൗഗത റോയ് ചൂണ്ടിക്കാട്ടി.

Tags:    

Similar News