കപില്‍ ശര്‍മ്മ പറഞ്ഞ ഒരുതമാശ ഇഷ്ടമായില്ല; ബോളിവുഡ് ഹാസ്യ താരത്തിന്റെ കാനഡയിലെ കഫേയിലേക്ക് വെടിയുതിര്‍ത്ത് ഖലിസ്ഥാന്‍ ഭീകരര്‍; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹര്‍ജിത് സിങ് ലഡ്ഡി; കഫേ തുറന്നത് ഏതാനും ദിവസം മുമ്പ്
കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയ്ക്ക് നേരേ വെടിവെപ്പ്
ഒട്ടാവ: ബോളിവുഡിലെ ഹാസ്യതാരം കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയ്ക്ക് നേരേ വെടിവെപ്പ്. കഫേ ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുളളിലാണ് ആക്രമണമുണ്ടായത്. അക്രമി ഒന്‍പത് തവണയെങ്കിലും കഫേ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു.
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ജിത് സിങ് ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റസ്‌റ്റോറന്റ് വ്യവസായത്തിലേക്കുള്ള കപില്‍ ശര്‍മ്മയുടെ ആദ്യ ചുവട് വയ്പാണ് കാപ്‌സ് കഫേ. ഭാര്യ ഗിന്നി ഛത്രത്തും സംരംഭത്തില്‍ പങ്കാളിയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സറേയിലാണ് കഫേ സ്ഥിതി ചെയ്യുന്നത്.
കാനഡ സമയം, ബുധനാഴ്ച രാത്രി കാറിലിരിക്കുന്ന ഒരാള്‍ കഫേയുടെ ജനാല ലക്ഷ്യമാക്കി തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഹര്‍ജിത് സിങ് ലഡ്ഡി എന്‍ഐഎ ഏറ്റവും അധികം തിരയുന്ന ഭീകരന്മാരില്‍ ഒരാളാണ്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. കപില്‍ ശര്‍മ തന്റെ ചാനലിലൂടെ പറഞ്ഞ ഒരുതമാശ ഇഷ്ടപ്പെടാതെ വന്നതിന്റെ പേരിലാണ് ലഡ്ഡി വെടിവയ്പ്പിന് ഉത്തരവിട്ടതെന്ന് പറയുന്നു.
പൊലീസും ഫോറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. വിശ്വ ഹിന്ദു പരിഷത് നേതാവ് വികാസ് പ്രഭാകറിന്റെ (വികാസ് ബാഗ) വധവുമായി ബന്ധപ്പെട്ട് എന്‍ഐഎ തേടുന്നയാളാണ് ലഡ്ഡി. 2024 ഏപ്രിലിലാണ് പഞ്ചാബിലെ രൂപ് നഗറില്‍വച്ച് വികാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
കാനഡയിലെ ഖലിസ്ഥാന്‍ ഭീകരര്‍ ഇന്ത്യക്ക് എതിരെ നിരവധി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുവരികയാണെന്ന് കനേഡിയന്‍ സുരക്ഷാ ഇന്റലിജന്‍സ് സര്‍വീസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.