35കാരനായ കർഷകനെ പുലി ആക്രമിച്ചു; മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ
ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കരിമ്പ് പാടത്ത് ജോലിക്ക് പോയ 35-കാരനായ കർഷകനെ പുലി ആക്രമിച്ചു കൊന്നു. മുന്നാലാൽ എന്ന കർഷകന്റെ പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ലോകൈപുര ഗ്രാമത്തിലെ കരിമ്പ് പാടത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തെത്തി.
മാസങ്ങളായി ഈ പ്രദേശത്ത് പുലികളുടെയും കടുവകളുടെയും ശല്യം രൂക്ഷമാണെന്നും എന്നാൽ ഇതുവരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഗ്രാമീണർ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിൽ നിന്ന് ബന്ധുക്കൾ വിസമ്മതിച്ചു. പുലിയെ പിടികൂടിയ ശേഷം മാത്രമേ തുടർച്ചയായ നടപടികൾ ഉണ്ടാകൂ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
പ്രദേശത്ത് പുലിയെ നിരീക്ഷിക്കാനായി ക്യാമറകൾ സ്ഥാപിക്കുമെന്നും ഉടൻ തന്നെ പുലിയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫോറസ്റ്റ് റെയ്ഞ്ചർ നരിന്ദ്ര ചതുർവേദി അറിയിച്ചു. അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുന്നാലാൽ. രാവിലെ പുല്ല് ശേഖരിക്കാനായി പാടത്തേക്ക് പോയതായിരുന്നു അദ്ദേഹം.
സംഭവമറിഞ്ഞയുടൻ ബി.ജെ.പി എം.എൽ.എ വിനോദ് ശങ്കർ സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അദ്ദേഹം ശാസിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സമ്മതിച്ച എം.എൽ.എ, പ്രദേശത്ത് കൂട്ടിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും രാത്രികാല പട്രോളിംഗ് നടത്താനും നിർദ്ദേശം നൽകി.