ആകാശത്തോളം അധികാരമുണ്ടെന്ന് കരുതരുത്: സിബിഐക്കെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
സിബിഐക്കെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: സിബിഐയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. സിബിഐയിലുള്ള പൊതുജനവിശ്വാസം നഷ്ടമായെന്നും സിബിഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. തിരുന്നല്‍വേലിയിലെ ബാങ്കില്‍ ചീഫ് മാനേജരും മറ്റ് ജീവനക്കാരും ചേര്‍ന്ന് രണ്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് വലിയ പിഴവുകളാണ് ഉണ്ടായിരുക്കുന്നത്. പക്ഷപാതപരമായ അന്വേഷണങ്ങളുടെ പേരില്‍ വ്യാപകമായ പൊതുജന വിമര്‍ശനം നേരിടുന്ന അവസ്ഥയിലേക്ക് സിബിഐ അധഃപതിച്ചു. ആകാശത്തോളം അധികാരങ്ങളുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരുടെ മനോഭാവം. ആര്‍ക്കും തങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് പലരും വിചാരിക്കുന്നു.
സിബിഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നു. പല കേസിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുന്ന ശബ്ദ സന്ദേശം കോടതിയുടെ മുന്നിലെത്തിയിരുന്നു. ഇതു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും സിബിഐ ഡയറക്ടര്‍ കേസുകളില്‍ കൂടുതല്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു.