ഞാന്‍ സന്യാസി ആയതുകൊണ്ട് മാത്രം അതിജീവിച്ചു; ദൈവമാണ് ഈ കേസില്‍ പോരാടിയത്: മാലേഗാവ് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞ സിങ്

ഞാന്‍ സന്യാസി ആയതുകൊണ്ട് മാത്രം അതിജീവിച്ചു; ദൈവമാണ് ഈ കേസില്‍ പോരാടിയത്

Update: 2025-07-31 10:38 GMT

മുംബൈ: താന്‍ സന്യാസി ആയതുകൊണ്ട് മാത്രമാണ് 17 വര്‍ഷം നീണ്ട കേസിനെ അതിജീവിച്ചതെന്ന് മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട മുന്‍ ഭോപാല്‍ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍. ''പൊലീസ് പിടികൂടിയത് മുതല്‍ എന്റെ ജീവിതം നശിപ്പിക്കുന്ന തരത്തില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു. 17 വര്‍ഷമായി സന്യാസി ജീവിതം നയിക്കുന്ന എന്നെ ആളുകള്‍ തീവ്രവാദിയായി കാണുന്നുണ്ടായിരുന്നു. ഞാന്‍ ഒരു സന്യാസി ആയതുകൊണ്ട് മാത്രം അതിജീവിച്ചു. ഭഗവാനാണ് എനിക്ക് വേണ്ടി ഈ കേസില്‍ പോരാടിയത്' -പ്രജ്ഞ പ്രതികരിച്ചു.

'കുറഞ്ഞപക്ഷം ഈ കോടതിയെങ്കിലും എന്നെ കേട്ടു. കാവി തീവ്രവാദി എന്ന് വിളിച്ചവരോട് ദൈവം ഒരിക്കലും ക്ഷമിക്കില്ല. ഞാനല്ല, കാവിയാണ് ഈ കേസില്‍ ജയിച്ചത്' -പ്രജ്ഞ പറഞ്ഞു. സംശയായതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് സ്‌ഫോടന കേസില്‍ മുഖ്യപ്രതിയായിരുന്ന പ്രജ്ഞാ സിങ് ഠാക്കൂറിനെ എന്‍.ഐ.എ കോടതി വെറുതെ വിട്ടത്. മാലേഗാവ് ബിക്കുചൗക്കില്‍ 2008 സെപ്റ്റംബര്‍ 29ന് ചെറിയ പെരുന്നാള്‍ തലേന്ന് രാത്രിയായിരുന്നു കേസിനാസ്പദമായ സ്‌ഫോടനം. ആറുപേര്‍ക്ക് ജീവന്‍ സഷ്ടമാവുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്താണ് എല്‍.എം.എല്‍ ഫ്രീഡം മോട്ടാര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എല്‍.എം.എല്‍ ഫ്രീഡം ബൈക്കില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും ആ ബൈക്കിന്റെ ഉടമ പ്രാജ്ഞ സിങ് താക്കൂര്‍ ആണെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്‌ഫോടനത്തിനു രണ്ടുവര്‍ഷം മുമ്പ് അവര്‍ സന്യാസിയായതിനാല്‍ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിന് ആര്‍.ഡി.എക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ തരപ്പെടുത്തിയത് പുരോഹിതാണെന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതും ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News