പുരുഷന്‍മാര്‍ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുത്; വിവാദ നിര്‍ദേശവുമായി യു.പി വനിത കമ്മീഷന്‍
പുരുഷന്‍മാര്‍ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുത്
ലഖ്‌നോ: പുരുഷന്‍മാര്‍ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന വിവാദ നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍. സ്ത്രീകളെ മോശം സ്പര്‍ശനത്തില്‍ നിന്നും തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം എന്നാണ് വനിതാ കമ്മീഷന്റെ വിശദീകരണം.
വനിതകളെത്തുന്ന ജിമ്മില്‍ ട്രെയിനര്‍മാരായി വനിതകള്‍ തന്നെ വേണമെന്ന നിര്‍ദേശവും യു.പി വനിത കമീഷന്‍ അധ്യക്ഷ ബബിത ചൗഹാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ജിമ്മുകളിലെ ട്രെയിനര്‍മാര്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തണം. പുരുഷ ട്രെയിനര്‍മാര്‍ ട്രെയിനിങ് നടത്തുന്നതില്‍ വനിതകള്‍ക്ക് വിരോധമില്ലെങ്കില്‍ അവരില്‍ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 28ന് സംഘടിപ്പിച്ച ഒരു മീറ്റിങ്ങിലാണ് വനിത കമീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. ജിമ്മിലെ ചൂഷണങ്ങളെ കുറിച്ച് നിരവധി വനിതകള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കമീഷന്‍ പറഞ്ഞു. തയ്യല്‍ക്കടകളില്‍ അളവെടുക്കാന്‍ വനിതകളെ തന്നെ നിയോഗിക്കണം. സ്‌കൂള്‍ ബസുകളില്‍ ഒരു വനിത ജീവനക്കാരിയെങ്കിലും വേണം.
കോച്ചിങ് സെന്ററുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കുമെന്നും വനിത കമീഷന്‍ വ്യക്തമാക്കി.