പഠനകാലത്തുള്ള ബന്ധം അവസാനിപ്പിച്ചതിൽ വൈരാഗ്യം; 19കാരിയെ വീട്ടിൽക്കയറി വെടിവെച്ചുകൊന്നു; ഒളിവിൽ പൊഹ്യ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2025-08-26 06:40 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ 19കാരിയായ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി വെടിവെച്ചുകൊന്നു. കൃഷ്ണനഗർ സ്വദേശിനിയായ ഇഷിത മാലിക് ആണ് കൊല്ലപ്പെട്ടത്. ബന്ധത്തിൽ നിന്ന് അകന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപോയ മുൻ സുഹൃത്ത് ദേബ് രാജിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ദേബ് രാജ് ഇഷിതയുടെ വീട്ടിലെത്തിയത്. ഇയാളെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കുടുംബാംഗങ്ങൾ അനുവദിച്ചില്ല. തുടർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ദേബ് രാജ് ബലമായി അകത്തുകയറുകയായിരുന്നു. ഈ സമയം ഇഷിത മുറിയിൽ കയറി വാതിൽ അകത്തുനിന്ന് പൂട്ടി. തൊട്ടുപിന്നാലെ വെടിയൊച്ച കേട്ടതായി കുടുംബം പോലീസിന് മൊഴി നൽകി.

വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇഷിതയെയാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം, കയ്യിൽ നാടൻ തോക്കുമായി ദേബ് രാജ് ഓടി രക്ഷപ്പെടുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

കാഞ്ച്രപാരയിൽ പഠിക്കുന്ന സമയത്താണ് ഇഷിതയും ദേബ് രാജും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. എന്നാൽ അടുത്തിടെയായി ഇഷിത ഇയാളുമായുള്ള ബന്ധം നിർത്തിയിരുന്നു. ഇതിൽ നിരാശനായ പ്രതി കൃഷ്ണനഗറിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News