മുഗള്‍ ഭരണാധികാരികളെ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകം; പകരം ഉള്‍പ്പെടുത്തിയത് മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെയും കുംഭമേളയും

മുഗള്‍ ഭരണാധികാരികളെ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകം

Update: 2025-04-27 15:01 GMT

ന്യൂഡല്‍ഹി: ചരിത്രത്തില്‍ നിന്നും മുഗള്‍ രാജാക്കന്‍മാരെ കുടിയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജാക്കന്മാരുടെ ചരിത്രവും ഡല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ വര്‍ഷം നടന്ന കുംഭമേളയും പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. രണ്ട് പാഠപുസ്തകങ്ങളാണ് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിനുള്ളത്. ഇതിലെ ആദ്യ പുസ്തകമായ എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്, പാര്‍ട്ട്-1 എന്ന പുസ്തകത്തില്‍ നിന്നാണ് മുഗള്‍ രാജാക്കന്മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പാഠപുസ്തകം പരിഷ്‌കരിച്ചത് എന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. പാഠപുസ്തകത്തില്‍ അധ്യായങ്ങളുടെ പേരുകളില്‍ ഉള്‍പ്പെടെ സംസ്‌കൃതം വാക്കുകളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തേ മൂന്നാം ക്ലാസിലേയും ആറാം ക്ലാസിലേയും പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകവും എന്‍സിഇആര്‍ടി പരിഷ്‌കരിച്ചിരിക്കുന്നത്.

നിലവില്‍ പരിഷ്‌കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ആദ്യഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം വൈകാതെ തന്നെ പുറത്തിറങ്ങും. ആ പുസ്തകത്തിലും സമാനമായ മാറ്റങ്ങളുണ്ടാകുമെന്നാണ് എന്‍സിഇആര്‍ടി വൃത്തങ്ങള്‍ പറയുന്നത്.

Tags:    

Similar News