'നാളെ എം.പി സ്ഥാനം രാജിവെക്കും; തികച്ചും വ്യക്തിപരം; മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ല; രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിജയസായി റെഡ്ഡി
രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിജയസായി റെഡ്ഡി
ഹൈദരാബാദ്: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രാജ്യസഭാ എം.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ വി. വിജയസായി റെഡ്ഡി. വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും സമ്മര്‍ദമോ നിര്‍ബന്ധമോ സ്വാധീനമോ കൂടാതെയാണെന്നും വിജയസായി റെഡ്ഡി വ്യക്തമാക്കി.
ശനിയാഴ്ച രാജ്യസഭയില്‍ നിന്ന് രാജിവെക്കുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ ഫ്‌ലോര്‍ ലീഡറായ വിജയസായി റെഡ്ഡി അറിയിച്ചു. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടുകളായി മൂന്ന് തലമുറകളായി എനിക്ക് പിന്തുണ നല്‍കിയ വൈ.എസ് കുടുംബത്തോട് എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
'പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, രാജ്യസഭയിലെ ഫ്ളോര്‍ ലീഡര്‍, വൈ.എസ്.ആര്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും നേട്ടത്തിനായി ആത്മാര്‍ഥതയോടെയും വിട്ടുവീഴ്ചയില്ലാതെയും അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തുന്നതിനും സംസ്ഥാനത്തിന് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള ഒരു പാലമായി പ്രവര്‍ത്തിച്ചിട്ടുണ്ട്' -വിജയസായി റെഡ്ഡി പറഞ്ഞു.
വര്‍ഷങ്ങളോളം നീണ്ട തന്റെ രാഷ്ട്രീയ യാത്രയിലുടനീളം പിന്തുണച്ച ആന്ധ്രാപ്രദേശിലെ ജനങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വൈ.എസ്.ആര്‍.സി.പി പ്രവര്‍ത്തകരോടും മറ്റുള്ളവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും അദ്ദേഹം നന്ദി അറിയിച്ചു.