ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം നാടുവിട്ടു; വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന 74കാരന്‍ പോലിസ് പിടിയില്‍: കുരുക്കായത് ഇന്‍ഷുറന്‍സ് പുതുക്കാന്‍ ശ്രമിച്ചത്

ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ 74കാരൻ പിടിയിൽ

Update: 2025-01-03 00:44 GMT

ആലപ്പുഴ: ഭൂമി തട്ടിയെടുക്കുന്നതിനും സ്വര്‍ണത്തിനുമായി ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടികൂടി.14 വര്‍ഷമായി മധുരയിലും കോട്ടയത്തുമായി ഒളിവില്‍ കഴിഞ്ഞ ആലപ്പുഴ സ്വദേശി ബാബുവാണ് (74) തൃശ്ശൂര്‍ കൊരട്ടി പൊലീസിന്റെ പിടിയിലായത്. ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഇന്‍ഷുറന്‍സ് പുതുക്കാന്‍ ശ്രമിച്ചതാണ് കുരുക്കായത്. പ്രതി ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്ന വിവരം മനസ്സിലാക്കിയ പോലിസ് തക്കം പാര്‍ത്തിരുന്ന് പിടികൂടുക ആയിരുന്നു.

ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളുമായി ബാബു നാടുവിടുക ആയിരുന്നു. 1990ല്‍ ആലപ്പുഴയില്‍ നിന്ന് കൊരട്ടിയില്‍ ധാന്യത്തിനെത്തിയ ബാബു ചായ കുടിക്കാന്‍ കയറിയ കടയില്‍ വെച്ചാണ് ദേവകിയെ (35) പരിചയപ്പെടുന്നത്. ചായക്കടക്കാരന്റെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം ചെയ്യുന്നത്. 2001ലാണ് ബാബു ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലം വിട്ടത്. ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. ദേവകിയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കുക ആയിരുന്നു മറ്റൊരു ലക്ഷ്യം.

എട്ടു വര്‍ഷം ഒളിവില്‍ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ല്‍ പിടികൂടി. എന്നാല്‍ രണ്ട് വര്‍ഷം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവില്‍ പോയി. മധുര,കോട്ടയം എന്നിവിടങ്ങളില്‍ പല പേരുകളില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് വിവരം ലഭിച്ചു. അപകടത്തില്‍ കൈ വിരല്‍ മുറിഞ്ഞതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. ഇത് പുതുക്കാന്‍ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്തുവാന്‍ കൂടിയാണ് കൊലപ്പെടുത്തിയതെന്ന് ബാബു ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Tags:    

Similar News