ഡേറ്റിങ് ആപ്പിലെ പ്രണയം കൊടുംക്രൂരതയായി; 19-കാരിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്താൻ ശ്രമം, നഗ്നവീഡിയോ പകർത്തി ബ്ലാക്മെയിലിംഗ്; യുവതി രക്ഷപ്പെട്ടത് ആ രഹസ്യ ഫോൺ വിളിയിലൂടെ; ലിവിങ് ടുഗദർ പങ്കാളി പിടിയിൽ
ഗുരുഗ്രാം: ഗുരുഗ്രാമിൽ19-കാരിക്ക് നേരെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂര പീഡനം. സംഭവത്തിൽ ഡൽഹി നരേല സ്വദേശിയായ ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് പൊള്ളിക്കാനും സ്റ്റീൽ കുപ്പി കൊണ്ട് തലയ്ക്കടിക്കാനും പ്രതി ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ത്രിപുര സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്.
ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബിഎസ്‌സി ബയോടെക്നോളജി പഠിക്കാനെത്തിയതായിരുന്നു പെൺകുട്ടി. സെപ്റ്റംബറിലാണ് ഡേറ്റിങ് ആപ്പ് വഴി ശിവത്തെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് ശിവം മർദ്ദനം തുടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഫെബ്രുവരി 16-നാണ് പെൺകുട്ടിക്ക് നേരെ ഏറ്റവും ക്രൂരമായ ആക്രമണമുണ്ടായത്. സ്റ്റീൽ കുപ്പിയും മൺപാത്രവും ഉപയോഗിച്ച് തലയ്ക്കടിച്ച പ്രതി, ഭിത്തിയിൽ തലയിടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച ശേഷം തീക്കൊളുത്താൻ ശ്രമിച്ചതായും മൊഴിയിലുണ്ട്. കത്തി കൊണ്ട് കാലുകളിൽ മുറിവേൽപ്പിച്ച ശിവം, "ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ നിന്നെ സമ്മതിക്കില്ല" എന്ന് ആക്രോശിക്കുകയും ചെയ്തു.
കൂടാതെ, പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിശബ്ദയാക്കാനും പ്രതി ശ്രമിച്ചു. ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതിയുടെ ഫോണിൽ നിന്ന് പെൺകുട്ടി തന്റെ അമ്മയെ വിളിച്ചു. ശിവത്തിന് മനസ്സിലാകാത്ത ബംഗാളി ഭാഷയിലായിരുന്നു സംസാരം. "എന്നെ ജീവനോടെ കാണണമെന്നുണ്ടെങ്കിൽ വേഗം വന്ന് രക്ഷിക്കൂ" എന്ന മകളുടെ കരച്ചിൽ കേട്ട അമ്മ ഉടൻ തന്നെ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിച്ചു.
തുടർന്ന് ഗുരുഗ്രാം പോലീസ് എത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. മനപ്പൂർവ്വം പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ മാത്രമാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ശക്തമായ നിയമനടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
