കെ സുരേന്ദ്രനെ കടന്നാക്രമിച്ചതോടെ പുറത്തേക്കെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍; ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി? വെയിറ്റ് ആന്റ് സീ എന്ന നയം മാറ്റാന്‍ നേതൃത്വം; സന്ദീപ് പ്രമുഖ നേതാവല്ലെന്ന് പ്രകാശ് ജാവദേക്കറും; രാഷ്ട്രീയ നേട്ടത്തിന് സിപിഎം

സന്ദീപ് ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി

Update: 2024-11-07 13:32 GMT

പാലക്കാട്: കാര്യങ്ങള്‍ മനസ്സിലാക്കി സന്ദീപ് തിരിച്ചുവരണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകണമെന്നുമുള്ള ബിജെപി അധ്യക്ഷന്റെ നിര്‍ദേശം തള്ളി പുറത്തേക്കെന്ന സൂചന നല്‍കി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാര്‍ട്ടിയില്‍ ഇനി തുടരില്ലെന്ന സൂചനയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ ആഞ്ഞടിക്കാനാണ് സന്ദീപിന്റെ നീക്കം. അതേ സമയം സന്ദീപ് ഇനിയും നിലപാട് കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് തീരും മുമ്പ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചാണ് ബിജെപി നേതൃത്വം ചര്‍ച്ച ചെയ്യുന്നത്.

ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്‌നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ ആവശ്യപ്പെട്ട സന്ദീപിനോട് ആവശ്യപ്പെട്ട സുരേന്ദ്രന്‍ ഒരടി പിന്നോട്ട് വെച്ചു. പക്ഷേ സുരേന്ദ്രനെ തന്നെ വിമര്‍ശിച്ച സന്ദീപ് ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനകള്‍ സജീവമാക്കുകയാണ്.

പരാതികളില്‍ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയെന്ന നിര്‍ദ്ദേശം വെറുതെയാണെന്ന് സന്ദീപ് കരുതുന്നു. സുരേന്ദ്രന്‍ ഒന്നയഞ്ഞത് വാതില്‍ ഒറ്റയടിക്ക് കൊട്ടിയടച്ചെന്ന പഴി ഒഴിവാക്കാനാണ്. ഉടന്‍ പരിഹരിക്കേണ്ട പരാതികളൊന്നും സന്ദീപ് മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. സന്ദീപ് വാര്യര്‍ പ്രമുഖ നേതാവ് അല്ലെന്നും അദ്ദേഹം ഒരു സ്വാധീനവും തെരഞ്ഞെടുപ്പില്‍ ചെലുത്തില്ലെന്നും കേരള പ്രഭാരി പ്രകാശ് ജാവദേക്കറും വ്യക്തമാക്കിയിട്ടുണ്ട്.

സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ മതിയെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയ ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ധൃതിപെട്ട് തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു നേതൃത്വം. എന്നാല്‍ സന്ദീപ് വാര്യര്‍ ആരോപണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നിലപാട് കടുപ്പിക്കുകയാണ് നേതൃത്വം.

സന്ദീപ് അച്ചടക്ക ലംഘനത്തിന്റെ പരിധി വിടുന്നുവെന്ന് തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഫലത്തില്‍ സന്ദീപും ബിജെപിയും വഴിപിരിയുകയാണ്. നടപടി എപ്പോള്‍ എന്നതിലാണ് തീരുമാനം വരേണ്ടത്. വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ പറയാനാണ് സന്ദീപിന്റെ നീക്കം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വെയിറ്റ് ആന്റ് സീ എന്ന നയം സുരേന്ദ്രനും മാറ്റും. 20 ന് മുമ്പ് ബിജെപി വിട്ടില്ലെങ്കില്‍ രാഷ്ട്രീയനേട്ടമില്ലെന്നാണ് സന്ദീപിനെ കാത്തിരിക്കുന്ന സിപിഎം ലൈന്‍.

താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. പാലക്കാട് കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാലക്കാട് മാധ്യമങ്ങളോട് സന്ദീപ് പ്രതികരിച്ചിരുന്നു.

ജയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെയോ കെ.സുരേന്ദ്രനെയോ മത്സരിപ്പിക്കണമായിരുന്നു. അക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്. സ്ഥിരമായി തോല്‍ക്കുന്ന ഒരു സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാര്‍. ബിജെപിക്ക് ജയിച്ചുകയറാന്‍ കഴിയുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പക്ഷെ, അത് കുറെക്കൂടെ അനായാസകരമാക്കാന്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് കഴിയുമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കി സന്ദീപ് തിരിച്ചുവരണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകണമെന്നുമാണ് നേരത്തെ കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് സൂചിപ്പിക്കുന്നത് താന്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്ത ആളാണെന്നും താന്‍ ഉന്നയിച്ചതൊന്നും പ്രശ്നമേ അല്ലെന്നുമാണ്.

പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യം പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കണം. തിരഞ്ഞെടുപ്പ് കാലത്തല്ല ഇതൊന്നും പറയേണ്ടതെന്നാണ് കെ.സുരേന്ദ്രന്‍ പറയുന്നത്. ഇത് ആദ്യം അദ്ദേഹം പറയേണ്ടത് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ കോഴിക്കോട്ടെ ബിജെപി നേതാവ് പി.രഘുനാഥിനോടാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വെച്ചാണ് അദ്ദേഹം അധിക്ഷേപിച്ചത്. എന്നിട്ടും പ്രശ്നമൊന്നുമില്ലെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെ ആത്മാഭിമാനം പണയംവെച്ച് തിരിച്ചുവരാനില്ല എന്നാണ് നിലപാടെന്നും സന്ദീപ് പറഞ്ഞു.

Tags:    

Similar News