പാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്‍. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി; യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനും കളത്തില്‍; ത്രികോണപോര് ശക്തമാകുന്ന മണ്ഡലത്തില്‍ മത്സരചിത്രം തെളിഞ്ഞതോടെ പ്രചരണവും തുടങ്ങി; കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്‍. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി

Update: 2026-03-18 12:44 GMT

കോഴിക്കോട്: പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.

ഡോ. എം.കെ മുനീറാണ് 2021ല്‍ കൊടുവള്ളിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായി എന്‍.എം.ആര്‍. റസാഖാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. പാലക്കാട് സ്വതന്ത്രനാകാന്‍ നിരവധി വ്യവസായ പ്രമുഖരുമായി സി.പി.എം ചര്‍ച്ച നടത്തിയിരുന്നു.

ഒടുവില്‍ ഹോട്ടല്‍ വ്യവസായി റസാഖുമായി ധാരണയിലെത്തുകയായിരുന്നു. യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ എന്‍എംആര്‍. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കിയത്. തദ്ദേശീയനായ സ്ഥാനാര്‍ഥിയാണ് എന്‍എംആര്‍ എന്നതാണ് പ്രത്യേകത. എന്‍ എം ആര്‍ റസാഖിനെ സ്വതന്ത്രനായി നിര്‍ത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടല്‍ വ്യവസായിയാണ് എന്‍എംആര്‍ റസാഖ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ്‌ഷോ നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി. എന്റെ കംഫര്‍ട്ടിനേക്കാള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും മണ്ഡലത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന് പിഷാരടി വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും സത്യം തെളിയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ പോലീസ് പരാതിക്ക് മുന്‍പേ പാര്‍ട്ടി പുറത്താക്കിയത് കോണ്‍ഗ്രസിന്റെ ധാര്‍മ്മികതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ തന്റെ പ്രധാന എതിരാളി ബിജെപി ആണെന്നാണ് പിഷാരടിയുടെ വിലയിരുത്തല്‍. മമ്മൂട്ടിയുള്‍പ്പെടെയുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാലക്കാട് പ്രചരണം കൊഴുപ്പിച്ചിരിക്കയാണ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതിനുദാഹരണമാണ് സിപിഎം എംഎല്‍എ മുകുന്ദന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് വന്നതെന്നും അവര്‍ പറഞ്ഞു.

സിപിഎമ്മിന്റെ മൂല്യങ്ങളെ തകര്‍ത്തുകൊണ്ട് മക്കള്‍ രാഷ്ട്രീയത്തിനും മരുമക്കള്‍ രാഷ്ട്രീയത്തിനും അനുകൂലിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്ന് വിളിച്ചുപറഞ്ഞാണ് കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ രംഗത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുടെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും വാക്കുകളോട് പിണറായി വിജയന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സിപിഎം വലിയ രീതിയിലൂള്ള അപചയത്തിലാണ്. ഗൗരിയമ്മയെ ബലിയാടാക്കിയത് പോലെ ശൈലജയെയും ബലിയാടാക്കി ശ്യാമളയെ പ്രതിഷ്ഠിക്കുകയാണ്. സിപിഎമ്മിനകത്ത് വലിയ പൊട്ടിത്തെറികളും വാഗ്വാദങ്ങളും പുസ്തകപ്രകാശനങ്ങളും നടക്കുന്നത് ഇതിനുദാഹരണമാണ്.

പാലക്കാട് 13 വര്‍ഷത്തോളം എംഎല്‍എയായിരുന്നയാള്‍ മണ്ഡലത്തിന് വേണ്ടി എന്തുചെയ്തുവെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. തുടര്‍ന്ന് വന്ന എംഎല്‍എയും ജനങ്ങളെ വേദനപ്പിക്കുകയാണുണ്ടായത്. 15 വര്‍ഷമാണ് പാലക്കാടിന് നഷ്ടപ്പെട്ടത്. ബിജെപി പാലക്കാട് ഉയര്‍ത്തിപ്പിടിക്കുന്നത് സമഗ്രമായ പുരോഗതിയാണ്. പാലക്കാട്ടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കേരള ജനത ഇടത്തോട്ടും-വലത്തോട്ടുമല്ലാതെ നേര്‍ രേഖയിലൂടെ യാത്രചെയ്താല്‍ നാട് കൂടുതല്‍ വികസിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനം ഉള്‍ക്കൊള്ളും. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സമീപ സംസ്ഥാനങ്ങളില്‍ വ്യാവസായിക മുന്നേറ്റം നടക്കുമ്പോള്‍ കേരളത്തില്‍ നേരെ തിരിച്ചാണ്. സംസ്ഥാനം വരുമാനമുണ്ടാക്കുന്നത് മദ്യത്തിലൂടെയും ലോട്ടറിയിലൂടെയുമാണ്. ഒരു മേഖലയിലും സര്‍ക്കാരിന് മുന്നേറാന്‍ കഴിയുന്നില്ല. ജനം ഉന്നയിക്കുന്ന ഒരു ചോദ്യത്തെയും അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്.

പാലക്കാട്ട് നിന്ന് എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമുണ്ടായിട്ടും ഇവിടെ എന്ത് വികസനമാണ് കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു. രാഷ്ട്രീയം നോക്കാതെ പൊതുജനങ്ങള്‍ക്കുവേണ്ടിയാവും തന്റെ ശബ്ദമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസനമെന്ന അജണ്ട ഉയര്‍ത്തിപ്പിടിച്ചാണ് പോരാട്ടം. കര്‍ഷകര്‍, അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍, ടെക്‌നോളജിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന്റെ പിന്തുണയോടെയാവും വികസന രേഖ അവതരിപ്പിക്കുക. ആരോഗ്യമേഖല, യുവജനത എന്നിവര്‍ക്കായി മാനിഫെസ്റ്റോ തയ്യാറാക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News