ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്തയാളാണ് സണ്ണി എം കപിക്കാട്; ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും? വിമര്‍ശിച്ചു അജയ് തറയില്‍

ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ?

Update: 2026-03-19 05:17 GMT

കൊച്ചി: കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സണ്ണി എം കപിക്കാട് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട് മലക്കം മറിയുകയും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.

ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാനായി ഹിന്ദുമതത്തില്‍ ചേര്‍ന്നയാളാണെന്നും ഇദ്ദേഹത്തെ സംവരണ സീറ്റില്‍ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പു കേസാവുമെന്ന് ഉറപ്പാണെന്നും അജയ് തറയില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദളിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാന്‍ ഹിന്ദു മതത്തില്‍ ചേരുകയാണുണ്ടായത്. അങ്ങനെയാണ് ദളിത് സമുദായാംഗമായത്.

ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം എം പൈലി എന്നാണ് .എല്‍ ഐ സിയില്‍ ജോലി കിട്ടാന്‍ പൈലി അനില്‍ കുമാറായി രൂപാന്തരം പ്രാപിച്ചു. ദളിത് പ്രവര്‍ത്തകനായപ്പോള്‍ സണ്ണി എം കപിക്കാട് ആയി. പേരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും. ഒരു കാലത്ത് നക്‌സല്‍ പ്രസ്ഥാനത്തോടൊപ്പമായിരുന്നുവന്നും അജയ് തറയില്‍ വിമര്‍ശിച്ചു.

പോസ്റ്റ് വായിക്കാം:

സണ്ണി എം കപിക്കാട് എന്തുകൊണ്ട് യുഡിഎഫിന്റെ സ്വയം സ്ഥാനാര്‍ത്ഥിയായി? ഇയാളെ തിരിച്ചറിയുക. പരേതനായ പാലക്കത്തറ പത്രോസിന്റെയും അന്നയുടെയും മകനായ സണ്ണി എം കപിക്കാട് എന്ന ദളിത് ചിന്തകനു പെട്ടെന്നൊരു ദിവസം ഒരു ഉള്‍വിളിയുണ്ടായി. ഉണ്ടിരിക്കുന്ന നായര്‍ക്ക് ഉണ്ടായ പോലെ എന്നൊരു പ്രയോഗം മലയാള ഭാഷയിലുണ്ടല്ലോ.

സണ്ണി എം കപിക്കാടിനുണ്ടായ ഉള്‍വിളി നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കണം. അതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. വരുന്ന തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നതുകൊണ്ടാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സ്വയം തീരുമാനിച്ചത്. അടുത്ത തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ അദ്ദേഹം സ്വയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമായിരുന്നു. എന്തിനാണ് ദളിത് ചിന്തകന്‍ എന്നറിയപ്പെടുന്ന ഇയാള്‍ ഇങ്ങനെ വിഡ്ഢി വേഷം കെട്ടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇദ്ദേഹം എങ്ങനെ വൈക്കത്ത് സ്ഥാനാര്‍ത്ഥിയായി.

ജയിക്കുന്ന സീറ്റിലല്ല അദ്ദേഹം സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫിന്റെ കുത്തക സീറ്റായ വൈക്കത്താണ്. എന്തുകൊണ്ട് അദ്ദേഹം തോല്‍ക്കുന്ന സീറ്റ് ആഗ്രഹിച്ചു.? ജയിക്കുന്ന സീറ്റ് ആഗ്രഹിച്ചില്ല.? ചില രാഷ്ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കള്‍ക്ക് താല്‍പ്പര്യം തോല്‍ക്കുന്ന സീറ്റാണ്. പണം അടിച്ചു മാറ്റാമല്ലോ. തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ വലിയൊരു സംഖ്യ കിട്ടുകയും ചെയ്യും. അങ്ങനെ തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിച്ച് കോടീശ്വരനായ ചില രാഷ്ട്രീയ നേതാക്കള്‍ നമുക്കിടയിലുണ്ട്. ആ മാതൃക പിന്തുടരാനാണോ ഇദ്ദേഹം ലക്ഷ്യമിടുന്നത്.

വാസ്തവത്തില്‍ സണ്ണി എം കപിക്കാട് കോണ്‍ഗ്രസുകാരനാണോ? ഒരിക്കലുമല്ല. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ പ്രസ്താവനകള്‍ അതിനു ഉത്തമ തെളിവുകളാണ്. കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സണ്ണി എം കപിക്കാട് കേരളത്തില്‍ അടുത്ത തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട് മലക്കം മറിയുകയും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. അതാണ് വാസ്തവം.

വൈക്കത്ത് സണ്ണി എം കപിക്കാട് മത്സരിക്കുമെന്ന് തന്റെ വിശ്വസ്തരെ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതിപ്പിക്കുകയും അത് ചില മാധ്യമങ്ങളിലൂടെ വാര്‍ത്തയാക്കുകയും ചെയ്യുന്ന ഇയാള്‍ക്ക് ഉളുപ്പുണ്ടോ? സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന് എന്ത് സംഭാവനകളാണ് നല്‍കിയത് എന്ന് ഒരു വട്ടം ഇയാള്‍ ആലോചിക്കണമായിരുന്നു. അപ്പോള്‍ മനസിലാവുമായിരുന്നു താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യനാണോ എന്ന കാര്യം

പട്ടിക ജാതി സംവരണ സീറ്റായ വൈക്കത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ഇയാള്‍ക്ക് എങ്ങനെ കഴിയും? ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം .എല്‍ ഐ സിയില്‍ ജോലി കിട്ടാനാണ് മത പരിവര്‍ത്തനം നടത്തി ഹിന്ദു മതത്തിലെത്തിയത് എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നത്. ഇദ്ദേഹം ഏത് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാലും ഇലക്ഷന്‍ കേസ് വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനാ പ്രകാരം ഹിന്ദുക്കള്‍ക്കാണ് സംവരണത്തിനു അര്‍ഹതയുള്ളത്. ഇയാളുടെ മാതാപിതാക്കള്‍ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വര്‍ഷങ്ങള്‍ക്ക് ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ന്നത്. അങ്ങനെ ദളിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാന്‍ ഹിന്ദു മതത്തില്‍ ചേരുകയാണുണ്ടായത്. അങ്ങനെയാണ് ദളിത് സമുദായാംഗമായത്.

ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം എം പൈലി എന്നാണ് .എല്‍ ഐ സിയില്‍ ജോലി കിട്ടാന്‍ പൈലി അനില്‍ കുമാറായി രൂപാന്തരം പ്രാപിച്ചു. ദളിത് പ്രവര്‍ത്തകനായപ്പോള്‍ സണ്ണി എം കപിക്കാട് ആയി. പേരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും. ഒരു കാലത്ത് നക്‌സല്‍ പ്രസ്ഥാനത്തോടൊപ്പമായിരുന്നു. പിന്നീട് സിപിഎം സഹയാത്രികനായി. അതിനു ശേഷം ജമാത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറി. എം.എം. പൈലി എന്നയാള്‍ പില്‍ക്കാലത്ത് അനില്‍കുമാര്‍ എന്ന പേര് സ്വീകരിക്കുകയും അദ്ദേഹം പിന്നീട് എഴുതിത്തുടങ്ങിയപ്പോള്‍ തന്റെ പേരിനെ അനുകരിച്ച് സണ്ണി കപിക്കാട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്. ഇത് പച്ചക്കള്ളമാണ്.

സണ്ണി എം കപിക്കാടിന്റെ തനി നിറം പട്ടിക ജാതി സമൂഹത്തിനു മാത്രമല്ല കേരളത്തിലുള്ള പലര്‍ക്കും തിരിച്ചറിയാവുന്നതാണ്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇയാളെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വൈക്കത്ത് യുഡിഎഫ് തോല്‍ക്കുക മാത്രമല്ല കേരളത്തിലെ പട്ടിക ജാതിക്കാരായ ഭൂരിപക്ഷം ആളുകളും കോണ്‍ഗ്രസിനെതിരാവും എന്ന കാര്യത്തില്‍ സംശയമില്ല.


Full View


Tags:    

Similar News