കണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്‍ഗ്രസ്

കണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം

Update: 2025-11-24 11:18 GMT

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഫിന് എതിരില്ല. ആന്തൂര്‍ നഗരസഭയിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലുമായി 11 വാര്‍ഡുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, ജില്ലയിലാകെ എല്‍ഡിഎഫ് മത്സരം ഇല്ലാതെ വിജയം ഉറപ്പിച്ച വാര്‍ഡുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു.

ആന്തൂരില്‍ 5, കണ്ണപുരത്ത് 6; പത്രികകള്‍ കൂട്ടത്തോടെ തള്ളി

ആന്തൂര്‍ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം ഉറപ്പിച്ചത്. കോടല്ലൂര്‍, തളിയില്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് പുനഃപരിശോധനയില്‍ തള്ളിയത്. സ്ഥാനാര്‍ഥികളെ പിന്താങ്ങിയവരെ സംബന്ധിച്ച പ്രശ്‌നമാണ് എല്‍ഡിഎഫ് ഉന്നയിച്ചത്. നാമനിര്‍ദേശകരുടെ ഒപ്പ് വ്യാജമാണെന്ന് അവര്‍ തന്നെ സാക്ഷ്യം പറഞ്ഞതോടെയാണ് തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അസാധുവായത്.

കണ്ണപുരം പഞ്ചായത്തില്‍ ആറ് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് എതിരില്ലാത്ത വിജയം നേടിയത്. ഒന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും, എട്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെയും പത്രികകളാണ് കണ്ണപുരത്ത് തള്ളിയത്. ഈ രണ്ട് കേസുകളിലും പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വരണാധികാരിയുടെ തീരുമാനം.

വാര്‍ഡ് 8: ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിലെ ടി.ഇ. മോഹനന്‍ എതിരില്ലാത്ത വിജയിയായി.

വാര്‍ഡ് 1: യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിലെ ഉഷ മോഹനനും എതിരാളികളില്ലാതായി.

ആന്തൂരിലും കണ്ണപുരത്തും തര്‍ക്കത്തെത്തുടര്‍ന്ന് ചില വാര്‍ഡുകളില്‍ സൂക്ഷ്മപരിശോധന നീട്ടിവെച്ചിരുന്നു.

തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച സ്ഥാനാര്‍ഥി പിന്‍വാങ്ങി

ഡിസിസി നേതൃത്വം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച അഞ്ചാംപീടിക വാര്‍ഡിലെ (വാര്‍ഡ് നമ്പര്‍ 5) യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ. ലിവ്യ നാമനിര്‍ദേശം പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫിന് എതിരാളികള്‍ ഇല്ലാതായി. 13-ാം വാര്‍ഡ് കോടല്ലൂര്‍ ഇ..രജിത,

18-ാം വാര്‍ഡ് തളിയില്‍ കെ.വി.പ്രേമരാജന്‍ എന്നിവരുടെ എതിര്‍ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസുകാരുടെ പത്രികകളാണ് തള്ളിയത്.

26-വാര്‍ഡ്. (എസ്.സി) അഞ്ചാംപിടിക. വാര്‍ഡ് ടി.വി.ധന്യ പിന്‍വലിക്കുകയായിരുന്നു. മോറാഴ പൊടിക്കുണ്ട് എന്നിവിടങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. 28 വാര്‍ഡുകളാണ് ഇവിടെ ആകെയുള്ളത്.

വധഭീഷണി ആരോപണവുമായി കോണ്‍ഗ്രസ്

രണ്ട് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പിന്താങ്ങിയവര്‍ പിന്‍വാങ്ങിയത് സി.പി.എം. വധഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, പലയിടങ്ങളിലും പിന്താങ്ങിയവരെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് യുഡിഎഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ എല്‍ഡിഎഫ് ധര്‍മ്മശാല ടൗണില്‍ ആഹ്‌ളാദപ്രകടനം നടത്തി. എന്നാല്‍, ഭീഷണിയും സമ്മര്‍ദ്ദവും ഉപയോഗിച്ച് സി.പി.എം. ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഡി.സി.സി. പ്രസിഡന്റിന്റെ വിമര്‍ശനം

സി.പി.എം. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.


Tags:    

Similar News