ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്ലില്‍ ഭീകരാക്രമണം; രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്ലില്‍ ഭീകരാക്രമണം; രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Update: 2024-10-20 16:35 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്ലിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള തുരങ്ക നിര്‍മാണ സ്ഥലമാണ് ഇത്.

തൊഴിലാളിളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

വെടിവെച്ചുകൊലപ്പെടുത്തിയ നിലയില്‍ ബിഹാറില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിയുടെ മൃതദേഹം കഴിഞ്ഞദിവസം ഷോപ്പിയാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞിരുന്നു. രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഗന്ദേര്‍ബാലിലും സമാനമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Tags:    

Similar News