റിലയന്‍സിന് വഴിവിട്ട് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണം; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ നീക്കം ശക്തമാക്കി നിര്‍വാഹക സമിതി അംഗങ്ങള്‍
പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കില്ല
റിലയന്‍സിന് വഴിവിട്ട് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണം; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ നീക്കം ശക്തമാക്കി നിര്‍വാഹക സമിതി അംഗങ്ങള്‍ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ വീണ്ടും നീക്കം ശക്തമാക്കി ഒരുവിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍. റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണമെന്ന് വെള്ളിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെടും. 12 സമിതി അംഗങ്ങളും ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കുമെന്നാണ് വിവരം. എന്നാല്‍ വെള്ളിയാഴ്ച്ചത്തെ യോഗത്തില്‍ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കില്ല.
ജനറല്‍ ബോഡി യോഗത്തില്‍ അന്വേഷണ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുമെന്ന് ഐഒസി ഉപാധ്യക്ഷ രാജലക്ഷ്മി സിംഗ് പറഞ്ഞു. 25ന് ചേരുന്ന ഐഒസി പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്ക്കെതിരായി രംഗത്തുണ്ട്. സമിതി അംഗങ്ങളെ കേള്‍ക്കാതെ ഉഷ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാതി. പന്ത്രണ്ട് അംഗങ്ങള്‍ ഒപ്പിട്ട അജണ്ട അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഉഷ പ്രത്യേകം അജണ്ടയും പുറത്തിറക്കിയിരുന്നു.
എന്നാല്‍ റിലയന്‍സിന് വഴിവിട്ട് കരാര്‍ നല്‍കി എന്നതടക്കം ഉയര്‍ന്ന ആരോപണങ്ങളില്‍ ചര്‍ച്ചയും അന്വേഷണവും വേണമെന്നാണ് സമിതി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം യോഗത്തില്‍ സംയുക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഉപാധ്യക്ഷ രാജലക്ഷ്മി സിംഗ് പറഞ്ഞു.
അതേസമയം യോഗത്തില് താന് നല്കിയ അജണ്ട മാത്രമേ ചര്‍ച്ച ചെയ്യൂവെന്ന നിലപാടില് ഉറച്ചു നില്ക്കുകയാണ് പിടി ഉഷ. ഉഷ നിഷേധ സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് നിര്‍വാഹക സമിതി അംഗങ്ങളുടെ തീരുമാനം. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിരായി നില്‍ക്കുന്നവരെ പുറത്താക്കാനും, പിന്തുണയ്ക്കുന്നവരെ പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്താനുമാണ് ഉഷയുടെ നീക്കം.
ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ഡല്‍ഹി ഐഒസി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല. ഐഒസി ചട്ടപ്രകാരം 21 ദിവസം മുന്‍പ് നോട്ടീസ് നല്‍കി മാത്രമേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകൂ.