'അവൻ എനിക്കായി കൊണ്ട് വന്നത്'; പൈലറ്റ് യൂണിഫോമിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറിവരുന്ന ഭർത്താവ്; ഭാര്യക്ക് ഒരുക്കിയ സർപ്രൈസ് ഗിഫ്റ്റ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Update: 2026-02-23 02:55 GMT

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് ഒരു ഇൻഡിഗോ പൈലറ്റിന്റെ ഹൃദയസ്പർശിയായ പ്രണയപ്രകടനമാണ്. ഓരോ വിദേശയാത്രക്ക് ശേഷവും പ്രിയതമയ്ക്കായി പൂക്കൾ കൊണ്ടുവരുന്ന ഈ പൈലറ്റിന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി വൈറലായി മാറിക്കഴിഞ്ഞു. മുൻ ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്ന മേഘ ഝായാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഭർത്താവിന്റെ ഈ സ്നേഹനിമിഷങ്ങൾ പങ്കുവെച്ചത്.

ജോലി കഴിഞ്ഞ് പൈലറ്റ് യൂണിഫോമിൽ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ഭർത്താവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു കൈയ്യിൽ കാബിൻ സ്യൂട്ട്കേസ് ഉരുട്ടി നീക്കുമ്പോഴും, മറുകൈയ്യിൽ മനോഹരമായ പർപ്പിൾ നിറത്തിലുള്ള പൂക്കൾ അദ്ദേഹം മുറുകെ പിടിച്ചിരിക്കുന്നു. "വിവിധ രാജ്യങ്ങളിൽ പോകുമ്പോൾ അവിടെനിന്നും എനിക്ക് വേണ്ടി പൂക്കൾ കൊണ്ടുവരുന്ന ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചത്," എന്ന അടിക്കുറിപ്പോടെയാണ് മേഘ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. യാത്രകൾക്കിടയിലും പങ്കാളിയെ ഓർക്കുന്ന പൈലറ്റിന്റെ കരുതലിനെയാണ് ഭൂരിഭാഗം ആളുകളും പ്രശംസിച്ചത്. "ഇത് യൂണിഫോമിനെക്കുറിച്ചോ പൂക്കളെക്കുറിച്ചോ ഉള്ളതല്ല, മറിച്ച് അദ്ദേഹം ഇതിനായി കാണിച്ച കരുതലിനെക്കുറിച്ചാണ്," എന്ന് ഒരു കമന്റിൽ പറയുന്നു. "ലോകത്തിന്റെ ഏത് കോണിലായാലും പ്രിയപ്പെട്ടവരെ ഓർക്കുന്നതാണ് യഥാർത്ഥ പ്രണയമെന്നും ഇത് ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്ന നിമിഷമാണെ"ന്നും മറ്റൊരാൾ കുറിച്ചു. നീണ്ട പ്രവാസജീവിതവും നിരന്തരമായ യാത്രകളും കാരണം ഒരുമിച്ച് സമയം ചെലവഴിക്കാൻ സാധിക്കാത്ത ദമ്പതികൾക്ക് ഈ വീഡിയോ വലിയൊരു ആശ്വാസവും പ്രചോദനവുമാണ് നൽകുന്നത്. 

Tags:    

Similar News