കോണ്‍ഗ്രസ് നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം; ഇന്ത്യ സഖ്യത്തെ നയിക്കാന്‍ അനുയോജ്യന്‍ എം.കെ. സ്റ്റാലിനെന്ന് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലെ പ്രധാന പങ്കാളി കോണ്‍ഗ്രസ് ആണെങ്കിലും ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ ആണ് സഖ്യത്തിന്റെ കണ്‍വീനര്‍ ആകാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ശക്തരായ പങ്കാളിയെക്കാള്‍ സഖ്യ ഐക്യത്തിന് ചെറിയ പങ്കാളിയുടെ സാന്നിധ്യം ബലം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ ആകാന്‍ തമിഴ്നാട് മുഖ്യമന്ത്രിയാണ് ഏറ്റവും നല്ല ഓപ്ഷന്‍ എന്ന് താന്‍ പറയുന്നതിനുള്ള കാരണങ്ങള്‍ മണിശങ്കര്‍ അയ്യര്‍ പി.ടി.ഐയോട് വിശദീകരിച്ചു. സ്റ്റാലിനെ ദേശീയ കണ്‍വീനറോ പ്രസിഡന്റോ ആക്കുന്നത് കോണ്‍ഗ്രസിന്റെ തന്നെ താല്‍പ്പര്യത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
2029 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ സ്റ്റാലിന് മാത്രമേ സഖ്യത്തെ ശക്തിയിലേക്ക് നയിക്കാന്‍ കഴിയൂ എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ശേഷം അദ്ദേഹത്തിന്റെ മകന്‍ ഉദയനിധിക്കും കൂട്ടാളികള്‍ക്കും സംസ്ഥാന സര്‍ക്കാറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും പറഞ്ഞു.
സഖ്യത്തിലെ പ്രധാന പങ്കാളി കോണ്‍ഗ്രസ് ആണെന്നതില്‍ സംശയമില്ല, അതിനാല്‍ സ്റ്റാലിന്‍ നേതൃത്വം വഹിക്കുന്നതില്‍ അവര്‍ വിഷമിക്കേണ്ടതില്ലെന്നും അയ്യര്‍ വാദിച്ചു. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ഏറ്റവും വിശ്വസനീയരായ പങ്കാളിയായിരുന്നു ഡി.എം.കെ എന്നും സമവായം എങ്ങനെ സൃഷ്ടിക്കണമെന്ന് അറിയാവുന്ന അസാധാരണ ഭരണാധികാരിയാണെന്ന് സ്റ്റാലിന്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്റെ പേര് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. നേരത്തെ പിണറായി വിജയനെ അനുകൂലിച്ച് സംസാരിച്ചതിനും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് മണിശങ്കര്‍ അയ്യര്‍ വിമര്‍ശനം നേരിട്ടിരുന്നു.