'ജനങ്ങള്‍ക്ക് എത്ര സംവരണം ലഭിക്കും; ജാതി സെന്‍സസിന്റെ രൂപരേഖ അവതരിപ്പിക്കൂ'; ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് രാജ്നാഥ് സിങ്
എന്ത് അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് രാജ്നാഥ് സിങ്
ഛത്ര: ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എന്ത് അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്നും ജനങ്ങള്‍ക്ക് എത്ര സംവരണം ലഭിക്കുമെന്നും ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഛത്രയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പറയുന്ന ഒരു യുവ കോണ്‍ഗ്രസ് നേതാവുണ്ട്. ആദ്യം എന്ത് അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയൂ, ജനങ്ങള്‍ക്ക് എത്ര സംവരണം ലഭിക്കും, അതിന്റെ രൂപരേഖ അവതരിപ്പിക്കുക, അപ്പോള്‍ രാജ്യത്തിന് അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താം. ജനങ്ങളെ വിഡ്ഢികളാക്കരുത്' രാജ്നാഥ് സിങ് പറഞ്ഞു.
ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടക്കുന്നത്. നവംബര്‍ 13 നും 20 നും. 24 ജില്ലകളിലായി ആകെയുള്ള 81 നിയോജകമണ്ഡലങ്ങളില്‍ 43 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തിലും 38 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലും തിരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍ നടക്കും. 81 അംഗസഭയില്‍ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.