മൺപാത്രം വിറ്റാൽ കിട്ടുന്നത് പത്തോ ഇരുപതോ രൂപ; ആധാർ-പാൻ രേഖകൾ കവർന്ന് തട്ടിപ്പ്; മൺകുടുക്ക വിൽപനക്കാരന് 1.25 കോടിയുടെ ജിഎസ്ടി നോട്ടീസ്
റായ്ബറേലി: ചായക്കടകളിൽ മൺപാത്രങ്ങൾ വിറ്റ് നിത്യവൃത്തിക്ക് വക കണ്ടെത്തുന്ന ഉത്തർപ്രദേശുകാരൻ മുഹമ്മദ് സയീദിനെ തേടിയെത്തിയത് കോടികളുടെ ജിഎസ്ടി നോട്ടീസ്. തട്ടിപ്പുകാർ സയീദിന്റെ ആധാർ, പാൻ കാർഡുകൾ ദുരുപയോഗം ചെയ്ത് വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് വിനയായത്. 1.25 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കണമെന്നാണ് ജിഎസ്ടി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്. തട്ടിപ്പുകാർ തന്റെ ആധാർ, പാൻ കാർഡുകൾ ദുരുപയോഗം ചെയ്ത് വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പിൽ നിന്ന് ഭീമമായ നോട്ടീസ് ലഭിച്ചത്.
ചായക്കടകളിലും മറ്റും മൺകുടുക്കകൾ വിറ്റ് അഞ്ചംഗ കുടുംബത്തെ പോറ്റുന്ന സയീദ്, തനിക്ക് കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്റെ പേരിലാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. പട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളുമായി സയീദിന് ബന്ധമുണ്ടെന്നും ഇവയുടെ നികുതി കുടിശ്ശികയായി 1.25 കോടി രൂപ അടയ്ക്കണമെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്.
വർഷങ്ങൾക്ക് മുമ്പ് വായ്പയ്ക്കായി അപേക്ഷിക്കാൻ ഒരു ഗ്രാമവാസി സഹായിക്കാമെന്ന് പറഞ്ഞതനുസരിച്ച് മുഹമ്മദ് സയീദ് തന്റെ ആധാർ, പാൻ കാർഡുകൾ നൽകിയിരുന്നു. എന്നാൽ വായ്പ ലഭിച്ചില്ലെന്ന് മാത്രമല്ല, ആ രേഖകൾ സയീദിന് നഷ്ടമാവുകയും ചെയ്തു. ഈ രേഖകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ വ്യാജ കമ്പനികൾ നിർമ്മിച്ച് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. അക്ഷരാഭ്യാസമില്ലാത്തതിനാൽ ആദ്യമായി നോട്ടീസ് വന്നപ്പോൾ സയീദ് അത് കാര്യമാക്കിയില്ല. എന്നാൽ, ഫെബ്രുവരി 15-ന് വീണ്ടും നോട്ടീസ് ലഭിക്കുകയും മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തപ്പോഴാണ് തുകയുടെ വ്യാപ്തി കണ്ട് കുടുംബം ഞെട്ടിയത്.
"ഞങ്ങൾ വെറും പാവങ്ങളാണ്, 100 കുടുക്ക വിറ്റാൽ 20 രൂപയാണ് കിട്ടുന്നത്. ഒരു മോഷണം പോലും നടത്തിയിട്ടില്ലാത്ത ഞങ്ങൾക്ക് ഇത്രയും വലിയ തുക എവിടെനിന്ന് വരാനാണ്?" എന്ന് മുഹമ്മദ് സയീദ് കണ്ണീരോടെ ചോദിച്ചു. തന്റെ രേഖകൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സയീദ് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
