മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ശീതകാല നിയമസഭാ സമ്മേളനം; മന്ത്രിസഭ വികസനം ഉടനുണ്ടാകുമെന്ന് സൂചന

മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസനം തിങ്കളാഴ്ചക്കുമുമ്പ്

Update: 2024-12-12 17:47 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസനം തിങ്കളാഴ്ചക്കുമുമ്പ് ഉണ്ടായേക്കുമെന്ന് സൂചന. തിങ്കളാഴ്ചയാണ് ശീതകാല നിയമസഭാ സമ്മേളനം തുടങ്ങുന്നത്. അതിനുമുമ്പ് മന്ത്രിസഭ വികസനം നടക്കും. വകുപ്പുകള്‍ക്കായുള്ള തര്‍ക്കത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷ ശിവസേനയും ബി.ജെ.പിയും വിട്ടുവീഴ്ചക്ക് തയാറാകുന്നില്ല. ആഭ്യന്തര, റവന്യൂ വകുപ്പുകള്‍ക്കായാണ് പ്രധാന തര്‍ക്കം.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കാനിരുന്ന യോഗത്തിന് ഷിന്‍ഡെ പോയില്ല. ഡല്‍ഹിയില്‍ ചെന്ന മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാര്‍ പിതൃസഹോദരനും എന്‍.സി.പി സ്ഥാപകനുമായ ശരദ് പവാറിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നു കണ്ടതും ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്. ജന്മദിനത്തില്‍ ആശംസ നേരാന്‍ പോയതാണെന്നാണ് അജിത്തിന്റെ പ്രതികരണം. മന്ത്രിസഭാ വികസനം ശനിയാഴ്ച ഉണ്ടാകുമെന്നും അജിത് പറഞ്ഞു.

അതേസമയം, മന്ത്രിസഭാ വികസന ദിവസം പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബി.ജെ.പിയുടെ മന്ത്രിമാരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയതായും താമസിയാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍, അജിത് പവാറിന് പ്രാധാന്യം നല്‍കി ബി.ജെ.പി തങ്ങളെ ഒതുക്കുകയാണെന്ന ആരോപണം ഷിന്‍ഡെ പക്ഷം ഉന്നയിച്ചു.

Tags:    

Similar News