ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ്; വിരമിച്ച ഐഐടി മെഡിക്കല്‍ ഓഫീസറില്‍ നിന്നും തട്ടിയെടുത്തത് 4.62 കോടി രൂപ: രണ്ടു പേര്‍ അറസ്റ്റില്‍

ഡിജിറ്റൽ അറസ്റ്റ്': വിരമിച്ച ഐഐടി മെഡിക്കൽ ഓഫീസർക്ക് 4.62 കോടി രൂപ നഷ്ടമായി

Update: 2026-02-06 03:06 GMT

മുംബൈ: മുംബൈ ഐഐടിയില്‍ നിന്നും വിരമിച്ച മെഡിക്കല്‍ ഓഫീസറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് ഭീഷണിപ്പെടുത്തി 4.62 കോടി രൂപ തട്ടിയെടുത്തു. 74-കാരിയായ ഉദ്യോഗസ്ഥയ്ക്കാണ് വന്‍ തുക നഷ്ടമായത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥയുടെ പരാതിയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിന്‍ഹ, ഗുഞ്ജന്‍ ദേവ്കുമാര്‍ ദിനേശ് ചന്ദ്ര എന്നിവരാണ് മുംബൈ സൈബര്‍ സെല്ലിന്റെ പിടിയിലായത്.

ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഇവരെ ആദ്യം വിളിച്ചത്. പിന്നീട് ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് വീഡിയോ കോളിലെത്തിയ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അതിലൂടെ ആറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നും ആരോപിച്ചായിരന്നു ഭീഷണി. ഇതോടെ ഇവര്‍ ഭയന്നു പോയി.

സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഭയന്നുപോയ വയോധിക തന്റെ സ്ഥിരനിക്ഷേപങ്ങളും ആവര്‍ത്തന നിക്ഷേപങ്ങളും കാലാവധിക്ക് മുന്‍പേ പിന്‍വലിച്ച് 2025 ഒക്ടോബറിനും 2026 ജനുവരിക്കും ഇടയില്‍ പലതവണയായി 4.62 കോടി രൂപ തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് കൈമാറി.

പിന്നീട് തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ തട്ടിപ്പുസംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയവരാണെന്ന് പൊലീസ് കണ്ടെത്തി.

Tags:    

Similar News