വയനാടിനായി എന്‍ജിയോകളും വിവിധ വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു; സ്ഥലം അനുവദിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍
വയനാട്: സ്ഥലം അനുവദിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്‍.ജി.ഒകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
കൃത്യമായ റിപ്പോര്‍ട്ട് നല്കിയിരുന്നുവെങ്കില് കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിച്ചേനെയെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. റപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയും സമാനമായി സംസ്ഥാന സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചു. വയനാടിന് പ്രധാനമന്ത്രി തന്നെ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനും സര്‍ക്കാര്‍ നീക്കമുണ്ട്.
ദുരന്തമുണ്ടായാല്‍ സൈന്യത്തിന്റെ സേവനം തേടും. തുക അതാത് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ നിധിയില്‍ നിന്ന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. 2019 ലെ പ്രളയകാലം മുതല്‍ വയനാട് ദുരന്തത്തില്‍ പെട്ടവരെ വരെ എയര്‍ലിഫ്റ്റ് ചെയ്തതിന് വരെ ചെലവായ തുകയാണ് 132.62 കോടി രൂപ തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതില്‍ വയനാടിന് മാത്രം 69. 65 കോടി രൂപയുണ്ട്. എന്നാല്‍ ഉരുള്‍പ്പൊട്ടല്‍ ദുരിതാശ്വാസത്തിന് നല്കിയ വിശദമായ മെമ്മോറാണ്ടങ്ങളിലൊന്നില്‍ പോലും കേന്ദ്രം ഇതുവരെ അനുഭാവം കാണിക്കാത്തതില്‍ കൂടിയാണ് കേരളത്തിന്റെ പ്രതിഷേധം.