ഉദ്ധവിന്റെ മനസ്സില്‍ പ്രതിപക്ഷ പദവിയോ? മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച; ഞങ്ങള്‍ ശത്രുക്കള്‍ അല്ലെന്ന് ആദിത്യ താക്കറെ

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി ഉദ്ധവ് താക്കറെ

Update: 2024-12-17 13:32 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി മഹാ വികാസ് അഘാഡി സഖ്യത്തിലെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നാഗ്പൂര്‍ നിയമസഭാ മന്ദിരത്തില്‍ എത്തിയാണ് ഉദ്ധവ് ഫഡ്‌നാവിനെ കണ്ടത്. കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ പലവിധ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ കൂടികാഴ്ച നീണ്ടു. മകനും എംഎല്‍എയുമായ ആദിത്യ താക്കറെ, അനില്‍ പരബ്, വരുണ്‍ സര്‍ദേശായി, സച്ചിന്‍ അഹിര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് നേതാക്കളും ഉദ്ധവ് താക്കറെയ്ക്കൊപ്പമുണ്ടായിരുന്നു.

എന്നാല്‍ പ്രതിപക്ഷ പദവി ലക്ഷ്യമിട്ടാണ് ഉദ്ധവിന്റെ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എം.വി.എയിലെ ഒരു പാര്‍ട്ടിക്കു പോലും പ്രതിപക്ഷ സ്ഥാനത്തിനുള്ള 10 ശതമാനം മാര്‍ക്ക് കടക്കാനായിട്ടില്ല. പ്രതിപക്ഷ സഖ്യത്തില്‍ ഉദ്ധവിന്റെ ശിവസേനക്കാണ് കൂടുതല്‍ സീറ്റുകള്‍ (20). എം.വി.എ സഖ്യത്തിന് 49 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. കോണ്‍ഗ്രസിന് 16ഉം ശരദ് പവാര്‍ എന്‍.സി.പിക്ക് 10 സീറ്റുകളും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട മഹാവികാസ് അഘാഡി സഖ്യത്തില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നേരത്തെ, ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഉദ്ധവും മറ്റു പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നില്ല.

ശൈത്യകാല സമ്മേളനം നടക്കുന്നത് നാഗ്പൂര്‍ നിയമസഭാ മന്ദിരത്തിലാണ്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, മഹാരാഷ്ട്രയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്കുശേഷം ഉദ്ധവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മഹായുതിയുടെ വിജയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയിലെ ആശങ്ക ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ-ആശയപരമായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ തങ്ങള്‍ ശത്രുക്കളല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

Tags:    

Similar News