ജനം നിങ്ങളെ തള്ളി, ഇനി പബ്ലിസിറ്റിക്കാണോ ശ്രമം? പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ 'ജന്‍ സുരാജ്' പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.
ജനം നിങ്ങളെ തള്ളിക്കളഞ്ഞു, ഇപ്പോള്‍ പബ്ലിസിറ്റിക്കാണോ ശ്രമിക്കുന്നത്? എന്ന് കോടതി ചോദിച്ചു. നിയമസഭാ കൗണ്‍സിലിലെ 12 നാമനിര്‍ദ്ദേശ സീറ്റുകളിലേക്ക് നടന്ന നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജന്‍ സുരാജ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍, ബിഹാര്‍ നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത പാര്‍ട്ടിക്ക് എങ്ങനെയാണ് ഇത്തരം ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ കഴിയുകയെന്ന് ബെഞ്ച് ആരാഞ്ഞു. നേരത്തെ ബിഹാറില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ജന്‍ സുരാജ് പരാജയപ്പെട്ടത് കോടതി പരാമര്‍ശിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയെ പബ്ലിസിറ്റിക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം കാര്യങ്ങളില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളുകയും ചെയ്തു.