ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖി, പ്രധാനമന്ത്രി പ്രശംസിച്ച കര്‍ണാട്ടിക് സംഗീതജ്ഞ
ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു
ന്യൂഡല്‍ഹി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കര്‍ണാടിക്, പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാര്‍ച്ച് 4-ന് ഇരുവരും ബെംഗളുരുവില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. പൊന്നിയിന്‍ സെല്‍വന്‍ 1-ലെ കാതോട് സൊല്‍ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ.
ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് സംഗീതരംഗത്തേക്ക് തിരിഞ്ഞത്.
ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ്?
പ്രശസ്തയായ യുവ കര്‍ണാടിക് സംഗീതജ്ഞയാണ് ശിവശ്രീ. ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. ചെന്നൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ എംഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, മദ്രാസ് സംസ്‌കൃത കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ ബിരുദവും നേടി.
കര്‍ണാടിക് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍: ഭാഗം 1 എന്ന ചിത്രത്തിലെ ഹെല്‍ഹേ നീനു എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശിവശ്രീ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് കടന്നത്.
2014 ല്‍ ശിവശ്രീ പാടി റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. അവര്‍ കന്നഡ ഭക്തിഗാനമായ 'പൂജിസലന്ദേ ഹൂഗല തണ്ടേ' ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു. ഇതാണ് മോദിയുടെ പ്രശംസ നേടിയത്.
''ശിവശ്രീ സ്‌കന്ദപ്രസാദിന്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയര്‍ത്തിക്കാട്ടുന്നു. അത്തരം ശ്രമങ്ങള്‍ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ വളരെയധികം സഹായിക്കുന്നു,'' -വീഡിയോയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.